തൃക്കാക്കര വോട്ടർ പട്ടികയില്‍ വ്യാപക ക്രമക്കേട്; നടപടി സ്വീകരിക്കണം: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, May 28, 2022

കൊച്ചി: തൃക്കാക്കര വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കളക്ടർക്ക് പരാതി നൽകിയിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല. മൂവായിരത്തിലധികം യുഡിഎഫ് വോട്ടുകളാണ് പട്ടികയിൽ നിന്നും മനപൂർവം ഒഴിവാക്കിയിരിക്കുന്നത്. ബൂത്ത് 161 ൽ ദേശാഭിമാനി ഏജന്‍റ് 5 വോട്ടുകൾ ചേർത്തു. ഈ വോട്ടുകൾ പട്ടികയിൽ നിന്നും നീക്കാന്‍ പരാതി കൊടുത്തിട്ടും നടപടിയില്ല. വോട്ട് ചെയ്യാൻ കഴിയാത്ത ആളുകളുടെ ലിസ്റ്റുകൾ വോട്ടെടുപ്പ് ദിനം പ്രിസൈഡിംഗ് ഓഫീസറെ ഏൽപ്പിക്കും. ആരും കള്ളവോട്ട് ചെയ്യാൻ നോക്കേണ്ടെന്നും ശ്രമിച്ചാല്‍ ജയിലില്‍ പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടികയിലെ ക്രമക്കേടില്‍ ജില്ലാ കളക്ടർക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും വി.ഡി സതീശൻ തൃക്കാക്കരയിൽ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

തൃക്കാക്കരയിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ട്. യുഡിഎഫിന്‍റെ ഭൂരിപക്ഷം കുറയ്ക്കാനുള്ള ശ്രമമാണ് നടന്നത്. ഏഴായിരത്തോളം പുതിയ വോട്ടുകള്‍ യുഡിഎഫ് ചേര്‍ത്തെങ്കിലും അതില്‍ മൂവായിരം മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യ തzരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. 161-ാം ബൂത്തില്‍ മാത്രം ദേശാഭിമാനി ലേഖകന്‍ രക്ഷകര്‍ത്താവായി അഞ്ച് വ്യാജവോട്ടുകളാണ് ചേര്‍ത്തിരിക്കുന്നത്. ഇത്തരം വോട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.

മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരുകള്‍ പ്രത്യേകമായി മാര്‍ക്ക് ചെയ്ത വോട്ടര്‍ പട്ടിക യുഡിഎഫ് പോളിംഗ് ഏജന്‍റുമാരുടെ കൈവശമുണ്ട്. പോളിംഗ് ദിനത്തില്‍ ഇത് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് കൈമാറും. ഇതില്‍ ആരെങ്കിലും വ്യാജ വോട്ട് ചെയ്താല്‍ നടപടി സ്വീകരിക്കും. കള്ളവോട്ട് ചെയ്യാനായി ഒരാളും തൃക്കാക്കരയിലേക്ക് വരേണ്ട. വന്നാല്‍ ജയിലില്‍ പോകേണ്ടിവരും. കള്ള വോട്ട് ചേര്‍ക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരും പെന്‍ഷന്‍ വാങ്ങില്ല. അവരെ ജയിലില്‍ അടയ്ക്കാന്‍ സുപ്രീം കോടതി വരെ പോകേണ്ടി വന്നാലും പോകും. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയതിന് നടപടി നേരിട്ടയാളെ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറായി നിയമിച്ചെങ്കിലും യുഡിഎഫ് പരാതിയെ തുടര്‍ന്ന് സ്ഥലം മാറ്റി. എന്നാല്‍ അവര്‍ ചുമതല വഹിച്ചിരുന്ന സമയത്തെ ക്രമക്കേടുകള്‍ പരിഹരിക്കപ്പെട്ടില്ല.

ഇന്നലെ നടത്തിയ പത്രസമ്മേളനത്തെ തെറ്റായ രീതിയിലാണ് സിപിഎം സൈബര്‍ സംഘങ്ങള്‍ പ്രചരിപ്പിക്കുന്നത്. എ.കെ ആന്‍റണിയോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിച്ചപ്പോള്‍, ഇങ്ങനെ മുഖ്യമന്ത്രിയോട് ചോദിക്കുമോയെന്നാണ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്. ആ രംഗം അടര്‍ത്തിയെടുത്ത് മാധ്യമ പ്രവര്‍ത്തകരെ തെറി പറഞ്ഞെന്ന തരത്തിലാണ് സിപിഎം പ്രചരിപ്പിക്കുന്നത്. അവര്‍ എന്തും പ്രചരിപ്പിക്കും. സ്വന്തം ജില്ലാ സെക്രട്ടറി കിടക്കുന്ന കട്ടിലനടിയില്‍ ക്യാമറവെച്ച വിരുതന്‍മാരാണ് എറണാകുളത്തെ സിപിഎം നേതാക്കള്‍. പ്രളയ ഫണ്ട് തട്ടിയെടുത്തവരെ ഒളിവില്‍ താമസിപ്പിച്ചതും ഇവരാണ്. എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു സംഘം സിപിഎമ്മിലുണ്ട്. ഇന്നലെ പത്രസമ്മേളനം നടത്തിയ രണ്ട് സിപിഎം നേതാക്കളില്‍ ഒരാള്‍ക്കെതിരെയും ഇത്തരം വീഡിയോ പ്രചരിച്ചിരുന്നു. അത് പ്രചരിപ്പിച്ചതും സിപിഎമ്മുകാരായിരുന്നു. ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ക്യാമറ വെച്ചവര്‍ ഇതല്ല ഇതിനപ്പുറവും ചെയ്യും. സ്ഥാനാര്‍ത്ഥിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ മൂന്നില്‍ രണ്ട് പേരും സിപിഎം ബന്ധമുള്ളവരാണ്. കൊല്ലത്ത് അറസ്റ്റിലായ ജേക്കബ് ഹെന്‍ട്രി സിപിഎം പ്രദേശിക നേതാവാണ്. പാലക്കാട് സ്വദേശി ശിവദാസന്‍ കെറ്റിഡിസിയിലെ താല്‍ക്കാലിക ജീവനക്കാരനും സിഐടിയു യൂണിയന്‍ അംഗവുമാണ്. എന്നിട്ടാണ് കോണ്‍ഗ്രസുകാരാണ് പ്രചരിപ്പിച്ചതെന്ന നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നത്. സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് സിപിഎമ്മില്‍ പരാതിയുണ്ടായിരുന്നു. അതിന്‍റെ ഭാഗമാണ് വ്യാജ വീഡിയോ. ശരിയായ അന്വേഷണം നടത്തിയാല്‍ വാദി പ്രതിയാകും.

ആലപ്പുഴയില്‍ കൊലവിളി മുദ്രാവാക്യം നടക്കുമ്പോള്‍ മുന്‍ മന്ത്രിയെ വിട്ട് പോപ്പുലര്‍ ഫ്രണ്ടിന്‍റെയും എസ്ഡിപിഐയുടെയും വോട്ട് കിട്ടാനുള്ള ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രി. വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്ത് കൊലവിളി മുദ്രാവാക്യം വിളിക്കാന്‍ സര്‍ക്കാരാണ് അനുമതി നല്‍കിയത്. കുളം കലക്കി മീന്‍ പിടിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിയത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രിയുടെ തലതിരിഞ്ഞ സോഷ്യല്‍ എന്‍ജിനീയറിംഗാണ്.

വോട്ടിന് വേണ്ടി ഒരു വര്‍ഗീയവാദിയുടെയും തിണ്ണ നിരങ്ങില്ലെന്ന് യുഡിഎഫ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പാണിത്. ഇത് വരാനിരിക്കുന്ന കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിര്‍ണായക ചലനങ്ങളുണ്ടാക്കും. മതേതര കേരളത്തിന് ഊര്‍ജം പകരുന്ന നിലപാടാണ് യുഡിഎഫ് എടുത്തിരിക്കുന്നത്. മതേതരവാദികളുടെ വോട്ട് യുഡിഎഫിന് ലഭിക്കും. അതായിരിക്കും കേരളത്തിന്‍റെ രാഷ്ട്രീയ സമൂഹിക രംഗങ്ങളെ നിയന്ത്രിക്കാന്‍ പോകുന്ന സുപ്രധാന ഘടകം. തൃക്കാക്കരയില്‍ പി.ടി തോമസ് വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയിക്കും. സിപിഎമ്മിന് ഇഷ്ടമുള്ള ആളുകളുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മുമാണ് കെ റെയിലിനെ കുറിച്ച് മിണ്ടാത്തത്. കമ്മീഷന്‍ റെയില്‍ കേരളത്തെ ശ്രീലങ്കയാക്കും.