സർക്കാരിന്‍റെ ഓണക്കിറ്റില്‍ വ്യാപക ക്രമക്കേട്; അളവിലും ഗുണനിലവാരത്തിലും കുറവ്; വിജിലൻസ് പരിശോധന ഇന്നും തുടരും

Jaihind News Bureau
Friday, August 21, 2020

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ വ്യാപക ക്രമക്കേട്.   ‘ഓപ്പറേഷൻ കിറ്റ് ക്ലീന്‍’ എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കിറ്റിലെ ഉൽപ്പന്നങ്ങളിൽ ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് മിക്കയിടങ്ങളിലും പായ്ക്കിങ്. ഇതേതുടർന്ന് ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ വിതരണം ചെയ്യുന്നത് ഉടൻ നിർത്തിവയ്ക്കും. പായ്ക്കിങ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും വിജിലൻസ് പരിശോധന ഇന്നും തുടരും.

500 രൂപ മൂല്യമുള്ള കിറ്റാണ് ഓണം പ്രമാണിച്ചു സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്. എന്നാൽ മിക്ക കിറ്റുകളിലും 400 മുതൽ 490 രൂപ വരെ വിലമതിക്കുന്ന സാധനങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് കണ്ടെത്തൽ.  വെളിച്ചെണ്ണയും പഞ്ചസാരയും പായസകൂട്ടുകളും അടക്കം 11 ഇനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നത്. തൂക്കക്കുറവിന് പുറമെ ചില പാക്കിങ് സെന്‍ററുകളിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ വസ്തുക്കളും ഉൾപ്പെട്ടിട്ടില്ലെന്നും ചിലതിൽ ഉത്പാദന തീയതിയോ പായ്ക്കിങ് തീയതിയോ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഓണക്കിറ്റുകളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ വീഴ്ച പറ്റിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ വിതരണം ചെയ്യുന്നത് ഉടൻ നിർത്തിവയ്ക്കും . ക്രമക്കേട് കണ്ടത്തിയാൽ നടപടികൾ ഉണ്ടാകും.