സംസ്ഥാനത്ത് ഐഎഎസ് ഓഫീസര്‍മാരുടെ ചുമതലകളില്‍ വന്‍ അഴിച്ചുപണി

Jaihind Webdesk
Thursday, June 13, 2019

സംസ്ഥാനത്ത് ഐഎഎസ് ഓഫീസര്‍മാരുടെ ചുമതലകളില്‍ വന്‍ അഴിച്ചുപണി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.

ആറ് മാസത്തെ അവധിയില്‍ പ്രവേശിച്ച തിരുവനന്തപുരം കളക്ടര്‍ വാസുകിയ്ക്ക് പകരം പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറി കെ. ഗോപാലകൃഷ്ണനെ തിരുവനന്തപുരം ജില്ലാ കലക്ടറായി നിയമിച്ചു. ഹൗസിംഗ് കമ്മീഷണർ ബി. അബ്ദുൾ നാസറിനെ കൊല്ലം ജില്ലാ കലക്ടറായും ആലപ്പുഴ ജില്ലാ കലക്ടർ എസ്. സുഹാസിനെ എറണാകുളം ജില്ലാ കലക്ടറായും മാറ്റി നിയമിച്ചു. അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദീല അബ്ദുള്ളയെ ആലപ്പുഴ ജില്ലാ കലക്ടറായും സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ജാഫർ മാലിക്കിനെ മലപ്പുറം ജില്ലാ കലക്ടറായും പി.ആർ.ഡി. ഡയറക്ടർ ടി.വി. സുഭാഷിനെ കണ്ണൂർ ജില്ലാ കലക്ടറായും നിയമിച്ചു.

അതേസമയം സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജിന് നിലവിലുള്ള ചുമതലകൾക്കു പുറമെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മനേജിംഗ് ഡയറക്ടറുടെ ചുമതല കൂടി നൽകി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് നിലവിലുള്ള ചുമതലകൾക്കു പുറമെ സൈനിക ക്ഷേമ വകുപ്പ്, പ്രിന്‍റിംഗ് ആന്‍റ് സ്റ്റേഷനറി എന്നിവയുടെ ചുമതല കൂടി നൽകി.എറണാകുളം കലക്ടർ മുഹമ്മദ് സഫീറുള്ളയെ എസ്.ജി.എസ്.ടി വകുപ്പ് അഡീഷണൽ കമ്മീഷണറായി മാറ്റി നിയമിച്ചു. വിവര സാങ്കേതിക വിദ്യാ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. കെ.എം.ആർ.എൽ. മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. മലപ്പുറം ജില്ലാ കലക്ടർ അമിത് മീണയെ അനർട്ട് ഡയറക്ടറായും കണ്ണൂർ ജില്ലാ കലക്ടർ മീർ മുഹമ്മദ് അലിയെ ശുചിത്വമിഷൻ ഡയറക്ടറായി മാറ്റി നിയമിക്കാനും തീരുമാനിച്ചു.