ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികള്‍ പുനഃസ്ഥാപിക്കുന്നതിലും സൈനികർക്ക് നല്‍കിയ വാഗ്ദാനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ നിശബ്ദനായിരിക്കുന്നത് എന്തുകൊണ്ടെന്ന് മുന്‍ പ്രതിരോധമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്‍റണി. സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ വിഷയം പ്രധാനമന്ത്രി പരാമർശിച്ചതേയില്ലെന്നും എ.കെ ആന്‍റണി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ പ്രദേശത്തിന്‍റെ ഓരോ ഇഞ്ചും തിരിച്ചുപിടിക്കുമെന്നും കടന്നുകയറ്റം ഇന്ത്യ സഹിക്കില്ലെന്നുമാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദർശനത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ഇതിനെക്കുറിച്ച് ഒരു വാക്കുപോലും പറയാതിരുന്നത് വളരെയധികം നിരാശാജനകമാണെന്ന് എ.കെ ആന്‍റണി പ്രതികരിച്ചു.
ഗൽവാൻ വാലി ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായി വളരെ പ്രധാനമാണ്. ഗാൽവാൻ താഴ്‌വരയിൽ നമ്മള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയാണെങ്കിൽ, ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ സിയാച്ചിൻ പ്രദേശം പിടിച്ചെടുത്തേക്കാമെന്ന അപകടമുണ്ട്. അതിനാലാണ് 2010 ൽ യു.പി.എ സർക്കാർ ഗൽവാൻ താഴ്‌വരയിലേക്കുള്ള തന്ത്രപരമായ റോഡ് നിർമ്മിക്കാൻ തുടങ്ങിയത്. ചൈനീസ് കടന്നുകയറ്റത്തെ ഫലപ്രദമായി തടയാന്‍ വേണ്ടി യു.പി.എ സർക്കാർ തുടക്കമിട്ട മൗണ്ടന്‍ സ്ട്രൈക്ക് കോര്‍പ്സിനെ മോദി സര്‍ക്കാർ നിർവീര്യമാക്കി. ചൈന ഇപ്പോൾ ഗാൽവാൻ താഴ്‌വരയിലെ നമ്മുടെ പരമാധികാരത്തെക്കുറിച്ച് തർക്കിക്കുന്നു. ചൈനീസ് അനധികൃത അധിനിവേശം അനുവദിക്കുന്നതിലൂടെ പാകിസ്ഥാന്‍റെ കൂടി ഭീഷണിയെയാണ് നേരിടേണ്ടിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഗല്‍വാന്‍ താഴ്വര തങ്ങളുടെ അധീനതയിലാണെന്ന അവകാശവാദം ചൈന ഇതിനോടകം ഉന്നയിച്ചുകഴിഞ്ഞു. ഇന്ത്യന്‍ സൈനികർ അതിര്‍ത്തി ലംഘിച്ചതുകൊണ്ടാണ് സംഘർഷമുണ്ടായതെന്നും സൈനികരുടെ ഏറ്റുമുട്ടലിലേക്ക് വഴിവെച്ചതെന്നും ചൈനീസ് അംബാസിഡർ പ്രസ്താവനയില്‍ പറയുന്നു. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് നിശബ്ദനായിരിക്കുന്നതെന്ന് എ.കെ ആന്‍റണി ചോദിച്ചു. ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം കടന്നുകയറിക്കഴിഞ്ഞു. ഗല്‍വാന്‍ താഴ്വരയുടെ തന്ത്രപ്രധാനമായ ഭാഗങ്ങള്‍ ഇപ്പോള്‍ ചൈനീസ് നിയന്ത്രണത്തിലാണുള്ളത്. പാംഗ്ടോക് തടാകത്തിന്‍റെ പ്രദേശത്തെ 8 കിലോമീറ്ററോളം പ്രദേശം ചൈനീസ് സൈന്യം കടന്നുകയറി. ഗോഗ്രയും ദെസ്പാംഗും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ അവർ കയ്യേറി. ഇതിനെക്കുറിച്ചൊന്നും പ്രധാനമന്ത്രി പറയുന്നില്ലെന്ന് മാത്രമല്ല, അതിർത്തിയിലെ സ്ഥിതിഗതികള്‍ പുനസ്ഥാപിക്കുന്നതിനെക്കുറിച്ചും നിശബ്ദത പുലർത്തുന്നു.
യു.പി.എ സർക്കാർ കൊണ്ടുവന്ന മൗണ്ടന്‍ സ്ട്രൈക്ക് കോര്‍പ്സിനെ മോദി സര്‍ക്കാർ നിർവീര്യമാക്കിയത് എന്തുകൊണ്ട് ? കഴിഞ്ഞ ഫെബ്രുവരി പകുതി വരെ ഇന്ത്യന്‍ സൈന്യം പട്രോള്‍ നടത്തിയിരുന്ന എല്ലാ പോയിന്‍റുകളിലും നിലവില്‍ പട്രോളിംഗ് നടക്കുന്നുണ്ടോ ? കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ പുനസ്ഥാപിക്കാനായി എന്ത് നടപടികളാണ് സ്വീകരിച്ചത് ? ഇക്കാര്യങ്ങളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും മറുപടി പറയണമെന്ന് എ.കെ ആന്‍റണി ആവശ്യപ്പെട്ടു.