ആവശ്യം ന്യായമെങ്കില്‍ അംഗീകരിക്കാന്‍ മടിയെന്തിന് ? മുഖ്യമന്ത്രിയോട് വ്യാപാരികള്‍

 

വ്യാപാരികളുടെ ആവശ്യം ന്യായമാണെങ്കില്‍ അത് അംഗീകരിക്കാന്‍ തയാറാകാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി. വ്യാഴാഴ്ച കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദീന്‍ വ്യക്തമാക്കി. മറ്റൊരു തരത്തില്‍ കളിക്കാനാണ് നീക്കമെങ്കില്‍ നേരിടുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി വ്യാപാരിവ്യവസായി ഏകോപനസമിതി രംഗത്തെത്തിയത്.

നാളെ മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ജീവിക്കാന്‍ വേണ്ടിയാണ് ഇനിയെങ്കിലും കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്. ചര്‍ച്ചയിലെ തീരുമാനം എന്തുതന്നെ ആയാലും വ്യാഴാഴ്ച മുതല്‍ കട തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ  തീരുമാനം.

നിലവിലെ സാഹചര്യത്തില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.  വ്യാപാരികളുടെ വികാരം മനസിലാകുമെന്നും മറ്റൊരു രീതിയില്‍ കളിച്ചാല്‍ നേരിടാനറിയാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ  പ്രതികരണം. മുഖ്യമന്ത്രിയുടെ രൂക്ഷമായ ഭാഷയിലുള്ള പ്രസ്താവക്കെതിരെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ആശ്വസിപ്പിക്കേണ്ട സമയത്ത് വിരട്ടാന്‍ നോക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് കേരളമാണെന്നും വി.ഡി സതീശന്‍ ഓര്‍മ്മപ്പെടുത്തി.

Comments (0)
Add Comment