‘ചൈനയുടെ പേര് പരാമര്‍ശിക്കാന്‍ ഭയക്കുന്നതെന്തിന്?; മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

Jaihind News Bureau
Saturday, August 15, 2020

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ചൈനയുടെ പേരെടുത്ത് പറയാതെയുള്ള മോദിയുടെ പ്രസംഗത്തിനെതിരെയായിരുന്നു വിമര്‍ശനം. അധികാരത്തിലിരിക്കുന്നവര്‍ ചൈനയുടെ പേര് പരാമര്‍ശിക്കാന്‍ ഭയക്കുന്നതെന്തിനെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ചോദിച്ചു.

‘എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും 130 കോടി ഇന്ത്യക്കാരും രാജ്യത്തിന്‍റെ സൈന്യത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നവരാണ്. അവര്‍ക്ക് സൈന്യത്തില്‍ പൂര്‍ണ വിശ്വാസവുമുണ്ട്. ആക്രമണം നടക്കുമ്പോഴെല്ലാം ചൈനയ്ക്ക് ഉചിതമായ മറുപടി നല്‍കിയതിന് സേനയെ അഭിവാദ്യം ചെയ്യുന്നുയ എന്നാല്‍ അധികാരത്തില്‍ ഇരിക്കുന്നവരുടെ കാര്യമോ? ചൈനയുടെ പേര് പരാമര്‍ശിക്കാന്‍ പോലും അവര്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്’- സുര്‍ജേവാല ചോദിച്ചു.

ചൈന ഇന്ത്യന്‍ പ്രദേശത്ത് പ്രവേശിച്ച ആ നിമിഷം മുതല്‍ ചൈനയെ തള്ളി രാജ്യത്തെ സംരക്ഷിക്കാന്‍ എന്താണ് ചെയ്തതെന്ന് ഓരോ ഇന്ത്യക്കാരനും സര്‍ക്കാരിനോട് ചോദിക്കണം. ഈ സ്വാതന്ത്ര്യ ദിനത്തില്‍ ആ ചോദ്യമാണ് ഉയരേണ്ടത്. അതാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ബോധമെന്നും സുര്‍ജേവാല പറഞ്ഞു.