‘ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നത്’; മുണ്ടക്കൈ നാശനഷ്ടക്കണക്കിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

 

കല്‍പ്പറ്റ: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേന്ദ്രസഹായത്തിന്‍റെ പേരിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ നിർത്തണമെന്ന് ഹൈക്കോടതി. കൃത്യമായ കണക്കുകൾ ബോധിപ്പിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നല്‍കി. കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.

സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഓഡിറ്റിംഗില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് ഹൈക്കോടതി. ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. SDRFല്‍ നീക്കിയിരിപ്പുള്ള 677 കോടി രൂപ കൈവശമില്ലെയെന്നും ഹൈക്കോടതി ചോദിച്ചു.

കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കൂവെന്നും, സഹായം ആവശ്യപ്പെടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ കണക്ക് വേണമെന്നും ഹൈക്കോടതി പറഞ്ഞു. 677 കോടി രൂപ ഫണ്ടില്‍ ഉണ്ടോ എന്ന് സംസ്ഥാനത്തിന് ഉറപ്പില്ലെയെന്നും ഹൈക്കോടതി വിമർശിച്ചു.

അടിയന്തിര ആവശ്യത്തിന് ഇതില്‍ എത്ര രൂപ ചെലവഴിക്കാനാവുമെന്ന് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഫണ്ടില്‍ വ്യക്തത വരുത്താന്‍ രണ്ട് ദിവസം സാവകാശം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനാൽ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി

Comments (0)
Add Comment