രാജ്യം ആര് ഭരിക്കും? സർക്കാർ രൂപീകരണ സാധ്യത തേടി ഇന്ത്യാസഖ്യവും; ഇന്ന് ഖാർഗെയുടെ വസതിയിൽ യോഗം ചേരും

 

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണ സാധ്യത തേടാനുള്ള  നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാൻ ഇന്ത്യാ സഖ്യം  ഇന്ന് യോഗം ചേരും. വൈകിട്ട് ആറിന് മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ വസതിയിലാണ് നിര്‍ണായക യോഗം. മോദി സർക്കാരിന്‍റെ അവകാശവാദങ്ങളും എക്സിറ്റ് പോൾ പ്രവചനങ്ങളും തെറ്റിച്ച് കൊണ്ടുള്ള മുന്നേറ്റമായിരുന്നു ഇന്ത്യാ മുന്നണി ഹിന്ദി ഹൃദയഭൂമിയിൽ കാഴ്ച വെച്ചത്. പല സംസ്ഥാനങ്ങളിലും ഇന്ത്യാ മുന്നണി അപ്രതീക്ഷിത മുന്നേറ്റം നടത്തിയതോടെ കേവല ഭൂരിപക്ഷം പോലും നേടാനാകാതെ ബിജെപി കിതച്ചു.

കേവല ഭൂരിപക്ഷമില്ലാത്ത പശ്ചാതലത്തിൽ സർക്കാർ രൂപീകരണം വേഗത്തിലാക്കാനാണ് ബിജെപി ലക്ഷ്യം. എന്നാൽ എൻഡിഎ സഖ്യകക്ഷികളായ ജെഡിയു, ടിഡിപി എന്നിവരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനാണ് കോൺഗ്രസിന്‍റെയും ഇന്ത്യാ സഖ്യത്തിന്‍റെയും ശ്രമം. നിലവിലെ സാഹചര്യത്തിൽ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരുടെ പിന്തുണ ഉറപ്പിക്കാനായാൽ ഇന്ത്യാ മുന്നണിക്ക് 28 സീറ്റ് അധികം ലഭിക്കും. ഇതിന്‍റെ ഭാഗമായി നിതീഷ് കുമാറിനോടും ചന്ദ്രബാബു നായിഡുവിനോടും ചർച്ചകൾ തുടരും. ഇന്നത്തെ എൻഡിഎ യോഗത്തിൽ നിതീഷ് പങ്കെടുക്കും. മറ്റ് സ്വതന്ത്ര പാർട്ടികളേയും ഇന്ത്യ സഖ്യത്തില്‍ എത്തിക്കാൻ നീക്കമുണ്ട്. സർക്കാർ രൂപീകരണ നീക്കങ്ങളിൽ മമത ബാനർജിയും സഹകരിക്കും. വിജയത്തിൽ രാഹുൽ ഗാന്ധിയെ മമത ബാനര്‍ജി അഭിനന്ദനം അറിയിച്ചു.

99 സീറ്റ് നേടിയ കോൺഗ്രസിന് ഏറ്റവും വലിയ സംഭാവന കേരളത്തിൽനിന്നു തന്നെയായിരുന്നു. 14 എംപിമാർ. അതേസമയം 240 സീറ്റുകളാണ് ബിജെപിക്ക് നേടാനായത്. യുപിയിലും, മഹാരാഷ്ട്രയിലും, ബംഗാളിലും എന്‍ഡിഎക്ക് തിരിച്ചടിയേറ്റു. മോദിയുടെ ഭൂരിപക്ഷത്തിനും വന്‍ ഇടിവുണ്ടായപ്പോള്‍ ഘടകക്ഷികളുടെ കനിവിലാണ് ഇക്കുറി ബിജെപി  അധികാരത്തിലേക്ക് നീങ്ങുന്നത്. അമിത ആത്മവിശ്വാസത്തില്‍ 400 ലധികം സീറ്റുകളെന്ന അവകാശവാദവുമായി പ്രചാരണ രംഗത്തിറങ്ങിയ മോദിക്കേറ്റ കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. 2014ലും, 2019ലും എല്ലാ കണക്കു കൂ‍ട്ടലുകളെയും തെറ്റിച്ച് കേവല ഭൂരിപക്ഷത്തിനപ്പുറവും സീറ്റ് നേടിയ മോദിയും ബിജെപിയും ഇക്കുറി ദുര്‍ബലമായി. 272 എന്ന മാന്ത്രിക സംഖ്യക്ക് അടുത്തെത്താന്‍ പോലും ബിജെപിക്കായില്ല. നാനൂറ് കടക്കുമെന്ന് പ്രഖ്യാപിച്ച മോദിക്ക് എന്‍ഡിഎയെ മുന്നൂറ് കടത്താന്‍ പോലും കഴിഞ്ഞില്ല. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ മോദി പിന്നിലായത് യുപിയിലെ ആകെയുള്ള പ്രകടനത്തിന്‍റെ ആദ്യ സൂചനയായിരുന്നു. കഴിഞ്ഞ തവണ 4,79000 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ മോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒന്നര ലക്ഷമായി കുത്തനെ ഇടിഞ്ഞു.

ഒരു അവസരം കൂടി മോദിക്ക് നൽകിയാൽ ജനാധിപത്യം തകർക്കും എന്ന് ജനങ്ങൾക്ക് മനസിലായി എന്ന് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി പോരാടി എന്നും ജനാധിപത്യത്തിന്‍റെ വിജയമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശിലെ ജനങ്ങൾ രാഷ്ട്രീയ വീക്ഷണം ഏറ്റവും ഉയർന്നത് എന്ന് തെളിയിച്ചു എന്ന് പറഞ്ഞ രാഹുൽ ഗാന്ധി അമേഠിയിലെ കെ.ശർമ്മയുടെ വിജയത്തെ അഭിനന്ദിച്ചു. റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ ഏത് മണ്ഡലം നിലനിർത്തും എന്നതിൽ തീരുമാനം പിന്നീട് എടുക്കും.

Comments (0)
Add Comment