നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയും? സെബിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നു; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

 

ന്യൂഡല്‍ഹി: ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിന് പിന്നാലെ സെബിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സെബിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നുവെന്ന് വിമര്‍ശിച്ച രാഹുല്‍, എന്തുകൊണ്ട് സെബി ചെയർപേഴ്സൺ രാജി വയ്ക്കുന്നില്ലെന്നും ചോദിച്ചു. സംയുക്ത പാർലമെന്‍ററി അന്വേഷണത്തോട് സർക്കാർ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയുമെന്നും പ്രധാനമന്ത്രിയോ, മാധബിയോ, അംബാനിയോ പുതിയ വെളിപ്പെടുത്തലിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടുമോയെന്നും രാഹുൽ ചോദിച്ചു.

സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനും അവരുടെ ഭർത്താവിനും അദാനി പണമിടപാട് അഴിമതിയിൽ ഉൾപ്പെട്ട വിദേശ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്. അദാനിക്കും മാധബി പുരി ബുച്ചിനുമെതിരെ ജെപിസി അന്വേഷണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കി. സെബിയിലെ മാധബിയുടെ നിയമത്തിലടക്കം സംശയങ്ങള്‍ ഉയരുമ്പോള്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി രൂപീകരിച്ച് മുഴുവന്‍ ഇടപാടുകളിലും അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.

Comments (0)
Add Comment