പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്ഷ് ഇ മുഹമ്മദിന്‍റെ തലവന്‍ മസൂദ് അസ്ഹറിനെ ജയില്‍ മോചിതനാക്കിയത് ആരെന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് ചോദിച്ചത്. മസൂദിനെ വിട്ടയച്ചത് ബി.ജെ.പി സര്‍ക്കാരാണ്. ഭീകരവാദത്തിന് മുന്നില്‍ കോണ്‍ഗ്രസ് തലകുനിക്കില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
“ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുല്‍വാമയില്‍ നമ്മുടെ സൈനികര്‍ വീരമൃത്യു വരിച്ചു. അവരുടെ മരണത്തിന് പിന്നില്‍ ആരാണ്? ഭീകരാക്രമണം നടത്തിയ ജെയ്ഷ് ഇ മുഹമ്മദ് സംഘടനയുടെ തലവന്‍ ആരാണ്? ഇന്ത്യന്‍ ജയിലിലായിരുന്ന മസൂദ് അസ്ഹറിനെ സ്വതന്ത്രനാക്കിയത് ബി.ജെ.പി ഗവണ്‍മെന്‍റായിരുന്നില്ലേ? ” – രാഹുല്‍ ഗാന്ധി ചോദിച്ചു. കര്‍ണാടകയിലെ ഹാവേരിയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
തീവ്രവാദത്തോട് ബി.ജെ.പിക്കുള്ള നിലപാടല്ല കോണ്‍ഗ്രസിനുള്ളത്. ഭീകരവാദത്തിന് മുന്നില്‍ തലകുനിക്കാന്‍ ഒരിക്കലും കോണ്‍ഗ്രസ് ഒരുക്കമല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണം തടയാന്‍ എന്തുകൊണ്ട് സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ മസൂദ് അസ്ഹറിനെയും രണ്ട് ഭീകരരെയും മോചിപ്പിച്ചത് വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരായിരുന്നു. പിന്നീട് ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങളുടെയും പിന്നില്‍ ജയ്ഷ് ഇ മുഹമ്മദ് ആയിരുന്നുവെന്നത് തെളിഞ്ഞിട്ടുണ്ട്.
കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്ത് പാകിസ്ഥാന് ഉചിതമായ മറുപടികള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. എന്നാല്‍ സൈന്യം നടത്തിയ തിരിച്ചടിയെ പോലും രാഷ്ട്രീയവത്ക്കരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മോദിക്കും ബി.ജെ.പിക്കുമെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.