കൊവിഡ് പ്രതിരോധത്തിന്‍റെ ധാരാവി മോഡലിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന ; നേട്ടത്തിന് പിന്നില്‍ ഈ കോണ്‍ഗ്രസ് മന്ത്രിയുടെ ചിട്ടയായ പ്രവര്‍ത്തനം

Jaihind News Bureau
Saturday, July 11, 2020

 

ചിട്ടയായ പ്രവർത്തനത്തിലൂടെ കൊവിഡ് പ്രതിരോധത്തില്‍ ഫലപ്രദ മാര്‍ഗം തീർത്ത മുംബൈയിലെ ധാരാവി മോഡലിന് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം. കൊവിഡ് വ്യാപനം തടയുന്നതില്‍ ധാരാവി ലോകത്തിന് മാതൃകയാണെന്ന് ഡബ്ല്യു.എച്ച്.ഒ തലവന്‍ പറഞ്ഞു. ധാരാവിയിലെ കോണ്‍ഗ്രസ് എം.എല്‍.എയും മഹാരാഷ്ട്ര സർക്കാരിലെ വിദ്യാഭ്യാസ മന്ത്രിയുമായ വർഷ ഗെയ്ക്‌വാദിന്‍റെ മികവുറ്റ പ്രവര്‍ത്തനമാണ് ലോകരാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യക്ക് അഭിമാന നേട്ടം ഒരുക്കിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കൊവിഡ് രോഗവ്യാപനം തടയുന്നതില്‍ നഗരം നടത്തിയ ശ്രമങ്ങളെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു. ജൂണിൽ ധാരവി ഒരു ചർച്ചാവിഷയമായിരുന്നുവെങ്കിലും ജൂലൈയിൽ കേസുകളിൽ ഗണ്യമായ കുറവുണ്ടായി. ചിട്ടയായ നടപടികളിലൂടെ കൊറോണ വൈറസിനെ നിയന്ത്രിക്കാമെന്ന് ധാരാവി കാണിച്ചുതന്നതായി ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദോ-നോം ഗെബ്രിയേസസ് പറഞ്ഞു.

‘കഴിഞ്ഞ ആറ് ആഴ്ചയ്ക്കുള്ളിൽ ലോകമൊട്ടാകെ കൊവിഡ് കേസുകൾ ഇരട്ടിയായി വർധിച്ചിട്ടുണ്ട്. എന്നിരുന്നാലും എത്ര തീവ്രമായ വ്യാപനമാണെങ്കിലും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ, അത് വീണ്ടും നിയന്ത്രണത്തിലാക്കാൻ കഴിയുമെന്നതിന് ഉദാഹരണമാണ് മുംബൈയിലെ ധാരാവി’ – ഗെബ്രിയേസസ് പറഞ്ഞു.

ഒരു സമയത്ത് രോഗവ്യാപനം ഏറ്റവും കൂടുതലായിരുന്ന അവസ്ഥയില്‍ നിന്നാണ് ഇന്ന് ധാരാവി കൊവിഡ് വ്യാപനത്തെ നിയന്ത്രണത്തിലാക്കിയത്. ഇതിന് പിന്നില്‍ ധാരാവി എം.എല്‍.എയും വിദ്യാഭ്യാസ മന്ത്രിയുമായ വർഷ ഗെയ്ക്‌വാദിന്‍റെ പങ്ക് എടുത്തുപറയേണ്ടതാണ്. സമൂഹ ഇടപഴകലിലെ നിയന്ത്രണം, കൃത്യമായ പരിശോധന, രോഗ നിർണയം, ഐസോലേഷന്‍, ചികിത്സ തുടങ്ങി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് രോഗവ്യാപനം നിയന്ത്രിച്ച് നിർത്താനായത്.