റെസി ഉണ്ണി അനർട്ടിലെ ജീവനക്കാരി, ഇടതുപക്ഷ സഹയാത്രിക ; ശിവശങ്കർ അറസ്റ്റിലായതോടെ ദീർഘകാല അവധിയില്‍

Jaihind News Bureau
Sunday, December 27, 2020

 

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എതിരായ കുറ്റപത്രത്തിൽ പറയുന്ന റെസി ഉണ്ണി പൊതു മേഖലാ സ്ഥാപനമായ അനർട്ടിലെ ജീവനക്കാരിയെന്ന് കണ്ടെത്തൽ. ഇടതുപക്ഷ സഹയാത്രികനായ പി.വി ഉണ്ണികൃഷ്ണന്‍റെ ഭാര്യയാണ് റസി. വളരെ അടുത്ത ബന്ധമായിരുന്നു എം ശിവശങ്കറും റസി ഉണ്ണിയും തമ്മിൽ ഉണ്ടായിരുന്നത്. റെസി ഉണ്ണിയെ ഇ.ഡി ഉടൻ ചോദ്യം ചെയ്യും.

എം ശിവശങ്കറിന് എതിരെ ഇ.ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലൂടെയാണ് റെസി ഉണ്ണി എന്ന പേര് പുറത്തുവന്നത്. വിവാദ നായികയായ റെസി ഉണ്ണി വൈദ്യുതി വകുപ്പിന് കീഴിലെ പൊതു മേഖലാ സ്ഥാപനമായ അനർട്ടിലെ ജീവനക്കാരിയാണെന്ന് ഇ.ഡി സ്ഥിരീകരിച്ചു. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ഭരണ തലത്തിൽ നിർണായക ചുമതല വഹിച്ചിരുന്ന ആളായ പി.വി ഉണ്ണികൃഷ്ണന്‍റെ ഭാര്യയാണ് റസി. നിരവധി വിജിലൻസ് കേസുകളിൽ അന്വേഷണം നേരിട്ട ആൾ കൂടിയാണ് ഉണ്ണികൃഷ്ണൻ. ശിവശങ്കർ പ്രത്യേക താല്‍പര്യമെടുത്ത് സർക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഏകോപന ചുമതല റെസി ഉണ്ണിക്ക് നൽകിയിരുന്നു. ലൈഫ് അടക്കമുളള പദ്ധതികളുടെ ചുമതലയാണ് റെസി ഉണ്ണി വഹിച്ചിരുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടു മുകളിൽ ഇവർക്കായി പ്രത്യേക ക്യാബിൻ
തയാറാക്കി.

ശിവശങ്കറിനെതിരെ മാധ്യമങ്ങളിൽ വാർത്തകൾ തുടർച്ചയായി വരികയും ഇ.ഡി ചോദ്യം ചെയ്യുകയും ചെയ്തതോടെ റെസി ഉണ്ണി ഡെപ്യൂട്ടേഷൻ ചുമതല ഒഴിഞ്ഞ് അനർട്ടിലേക്ക് മടങ്ങി. തുടർന്ന് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ദീർഘകാല അവധിയിൽ പ്രവേശിച്ചു. ഇതിനിടയിൽ ശിവശങ്കറിനെ പിൻതുണച്ച് ഫേസ് ബുക്കിൽ അവർ കുറിപ്പിടുകയും ചെയ്തു. അതേസമയം റെസി ഉണ്ണിയെ ചോദ്യം ചെയ്യാനുളള നടപടികൾ ഇ.ഡി ആരംഭിച്ചു.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് റെസി ഉണ്ണിക്ക് ഉടൻ ഇ.ഡി നോട്ടീസ് നൽകും. കള്ളപ്പണം വെളുപ്പിൽ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറെ ഇ.ഡി പ്രതി ചേർത്ത് നല്‍കിയ കുറ്റപത്രത്തിലാണ് റസി ഉണ്ണിയെക്കുറിച്ച് പരാമർശം ഉള്ളത്. ശിവശങ്കർ നടത്തിയ അഴിമതികളെക്കുറിച്ചും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വരുന്ന വാർത്തകൾ സംബന്ധിച്ചുമാണ് റസി ഉണ്ണി എന്ന പേരിൽ സേവ് ചെയ്തിരുന്ന നമ്പരിലേക്ക് വാട്‌സ്ആപ്പ് ചാറ്റ് നടത്തിയിരിക്കുന്നത്.

https://www.facebook.com/JaihindNewsChannel/videos/212581533760383