തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ടുയര്‍ന്ന് വിവാദം കുടുതല്‍ കടുക്കുന്നു. പിണറായി വിജയനെ താഴെയിറക്കാന്‍ സ്വര്‍ണക്കടത്ത് മാഫിയ ശ്രമിക്കുന്നുവെന്ന ഭാഷ്യം ഡല്‍ഹിയില്‍ പ്രചരിക്കാന്‍ തുടങ്ങുന്നത് സെപ്തംബര്‍ 13 നാണ്. ഇത് സംബന്ധിച്ചുള്ള വാര്‍ത്താക്കുറിപ്പ് പല മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇമെയിലായും വാട്‌സാപ്പിലും ലഭിച്ചിരുന്നു. ഈ സന്ദേശങ്ങളില്‍ പ്രധാനമായും ഉള്‍പ്പെട്ടിരുന്നത് മലപ്പുറത്തെ സ്വര്‍ണ-ഹവാല കേസുകളുടെ കണക്കായിരുന്നു.
അതായത് സെപ്തംബര്‍ 21 ലെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലുടെയും പിന്നീട് ‘ദ ഹിന്ദു’ അഭിമുഖത്തിലൂടെയും പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച അതേ കണക്കുകള്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ഇതിലെ കള്ളക്കടത്തിന്റെ കണക്ക് മാത്രമെടുത്ത് സെപ്തംബര്‍ 18 ന് ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. ഈ വാര്‍ത്തകളുടെയെല്ലാം ലിങ്കും സ്‌ക്രീന്‍ഷോട്ടും സഹിതമാണ് ഹരിപ്പാട് മുന്‍ എംഎല്‍എ ടി.കെ.ദേവകുമാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
‘വരും… കേരളം പിണറായിയോടൊപ്പം തന്നെ! തെളിവ് ആവശ്യപ്പെടുന്നവര്‍ക്കായി താഴെ സമര്‍പ്പിക്കുന്നു. ഹവാല കോടികളും, കള്ളക്കടത്ത് സ്വര്‍ണവും രാഷ്ട്ര പുനര്‍നിര്‍മാണത്തിനാണോ ഉപയോഗിക്കുന്നത്? മുഖ്യമന്ത്രിയെ ക്രൂശിക്കാന്‍ ശ്രമിക്കുന്നവര്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്” എന്ന് ചോദിച്ചായിരുന്നു ദേവകുമാറിന്റെ പോസ്റ്റ്. വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ ലിങ്കുകള്‍ അടക്കം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഈ ലിങ്കാണ് മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖം വിവാദമായതോടെ ദേവകുമാര്‍ ഡിലീറ്റ് ചെയ്തത്. ൗ കണക്കുകള്‍ മുഖ്യമന്ത്രിയുടെ ‘ദ ഹിന്ദു’ പത്രത്തിന്റെ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ വഴിയൊരുക്കിയത് ഇതേ ദേവകുമാറിന്റെ മകന്‍ ടി.ഡി.സുബ്രഹ്മണ്യന്‍ ആണ് എന്നതാണ് മറ്റൊരു കാര്യം. അഭിമുഖത്തിന് ഇടനില നിന്ന ആളെന്ന് പരിചയപ്പെടുത്തി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പേരെടുത്ത് പറഞ്ഞതും ഇതേ സുബ്രഹ്മണ്യനെക്കുറിച്ച് ആണ്.
മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിന്റെ നേരമെല്ലാം ഇയാളടക്കം രണ്ടുപേര്‍ ഒപ്പമുണ്ടായിരുന്നു, ശേഷം മലപ്പുറം കേസുകളുടെ കണക്ക് നല്‍കി അവ ഉള്‍പ്പെടുത്താന്‍ ഇയാള്‍ ആവശ്യപ്പെട്ടു എന്നാണ് ഹിന്ദു വിശദീകരിച്ചത്.
ഇക്കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മലപ്പുറത്തെ ലക്ഷ്യംവച്ചുള്ള കള്ളക്കടത്ത് കണക്കുകള്‍ കഴിഞ്ഞ മാസം മുതല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചത് ഇതേ സംഘമാണെന്ന് വ്യക്തമാകും. ഇതേയാളാണ് തന്റെ ഹിന്ദു അഭിമുഖത്തിനും കളമൊരുക്കിയതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുമ്പോള്‍ പിന്നിലെ ഗൂഢാലോചന വ്യക്തം. അതായത് തന്റെ മകന്റെയും സംഘത്തിന്റെയും ഈ ഓപ്പറേഷനുകളിലൂടെ പുറത്തുവന്ന വാര്‍ത്തകള്‍ ഫെയ്‌സ്ബുക്കിലിട്ട് പ്രചരിപ്പിക്കുക എന്ന ഉത്തരവാദിത്തം മാത്രമാണ് സിപിഎം മുന്‍ എംഎല്‍എ നിര്‍വഹിച്ചത്.
ഇതോടെ ഒരു കാര്യം വ്യക്തമാവുകയാണ്. മുഖ്യമന്ത്രി പറഞ്ഞത് പോലെ അത്ര നിഷ്‌കളങ്കമല്ല കാര്യങ്ങള്‍. അഭിമുഖത്തിന് പിന്നില്‍ പി.ആര്‍ ഏജന്‍സിയും സംഘടിത ഗൂഡാലോചനയും ഉണ്ട് എന്ന് വ്യക്തം.