യുക്രെയ്ൻ ലാബുകളിലെ അപകടകാരികളായ രോഗാണുക്കളെ നശിപ്പിക്കണം : ലോകാരോഗ്യ സംഘടന

Jaihind Webdesk
Saturday, March 12, 2022

ജനീവ: യുക്രെയ്നില്‍ റഷ്യന്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ യുക്രെയ്നിലെ ലാബുകളില്‍ സൂക്ഷിച്ചിട്ടുള്ള അപകടകാരിയായ രോഗാണുക്കളെ നശിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന. റഷ്യയുടെ ആക്രമണത്തില്‍ ഈ ലാബുകള്‍ തകർന്നാല്‍ രോഗാണുക്കള്‍ പുറത്തേക്ക് പരക്കുകയും രോഗവ്യാപനം സംഭവിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ്‌ ഡബ്ല്യൂഎച്ച്ഒ  യുടെ  നിര്‍ദേശം.

മറ്റ് രാജ്യങ്ങളിലെന്നപോലെ യുക്രെയ്നിലെ ആരോഗ്യ ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരീക്ഷണശാലകളിലും വിവിധ തരത്തിലുള്ള രോഗാണുക്കളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങളും ഇതില്‍ ഉള്‍പ്പെടും. അമേരിക്ക, യുറോപ്യന്‍ യൂണിയന്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ പിന്തുണയോടെയാണ് ഇത്തരം പരീക്ഷണങ്ങള്‍ യുക്രെയ്നില്‍ നടന്നിരുന്നത്.

റഷ്യയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ലാബുകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇത്തരം രോഗാണുക്കള്‍ പുറത്തേക്ക് വ്യാപിക്കുന്നതിന് കാരണമാവുമെന്ന് ബയോസെക്യൂരിറ്റി വിദഗ്ദര്‍ ആശങ്കപ്പെടുന്നു. ഇത്തരം പരീക്ഷണശാലകളിലെ സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പെ തന്നെ യുക്രെയ്നുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.