പുതു നായകനാര്..?; തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം; എല്ലാ കണ്ണുകളും പുതുപ്പള്ളിയിലേക്ക്

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പുതിയ എംഎൽഎ ആരെന്നറിയാൻ ഇനി മണിക്കൂറുകൾമാത്രം ബാക്കി. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ ട്രെൻഡ് വ്യക്തമാകും. കടുത്ത മത്സരം നടന്ന പുതുപ്പള്ളിയിൽ ഫലമറിയാൻ കാത്തിരിക്കുന്ന അവസാന മണിക്കൂറിലും ആത്മവിശ്വാസത്തിലാണ് മുന്നണികൾ.

രാവിലെ എട്ട് മണിക്ക് വോട്ടെണ്ണിത്തുടങ്ങി രണ്ട് മണിക്കൂറിനകം ഫലമറിയാനാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ. ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. . 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തീരും. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫലസൂചന കിട്ടും. കടുത്ത മത്സരം നടന്ന 2021ല്‍ പോലും ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിന്‍റെ ഭൂരിപക്ഷം അയർക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യുഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും. എക്സിറ്റ് പോളുകളടക്കം പുറത്ത് വന്നതോടെ വൻ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. മുമ്പെങ്ങുമില്ലാത്ത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് യു ഡി എഫ്. പുതുപ്പള്ളി ഇത്തവണ മാറി ചിന്തിക്കുമെന്ന് ഇടത് ക്യാമ്പ് കണക്കുകൂട്ടുന്നു എങ്കിലും വലിയ ആത്മവിശ്വാസം ഇടതു ക്യാമ്പിന് ഇല്ല. അതേസമയം പുതുപ്പള്ളിയില്‍ ഇക്കുറി നല്ല മത്സരം കാഴ്ചവച്ചെന്നാണ് ബിജെപി അവകാശവാദം. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 11,694 വോട്ടാണ് ബിജെപിക്ക് ലഭിച്ചിരുന്നത്.

Comments (0)
Add Comment