കേരളാ പൊലീസിന്‍റെ ഇന്‍റലിജന്‍സ് സംവിധാനം നിലവിലില്ലേ? ; ബിജെപി പ്രവർത്തകരുടെ കള്ളനോട്ട് വിതരണത്തില്‍ വിമർശിച്ച് വി.ടി ബല്‍റാം

Jaihind Webdesk
Friday, July 30, 2021

 

തിരുവനന്തപുരം : കൊടുങ്ങല്ലൂർ സ്വദേശികളായ ബിജെപി പ്രവർത്തകർ കള്ളനോട്ടുമായി മൂന്നാം തവണയും പിടിയിലായ സംഭവത്തിൽ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മുൻ എംഎൽഎ വിടി. ബൽറാം.

”രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനൽ കേസിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതേ പണി ചെയ്യുക, വീണ്ടും പിടിക്കപ്പെടുക. ഇതിങ്ങനെ പരമ്പരയായി തുടരുക” ഇതാണ് ഇവിടെ നടക്കുന്നതെന്ന് വി.ടി. ബൽറാം പറഞ്ഞു.

നമ്മുടെ പൊലീസിന്റെ ഇന്റലിജൻസ് സംവിധാനം എന്തുകൊണ്ട് ഇയാളെ നിരീക്ഷിക്കുന്നില്ലെന്ന് വി.ടി ബൽറാം ചോദിച്ചു. കേന്ദ്ര ഭരണകക്ഷിയുടെ പിന്തുണയുള്ളയാളായതുകൊണ്ട് സംസ്ഥാന പൊലീസും കണ്ണടക്കുന്നതാണോ എന്നും അദ്ദേഹം ചോദിച്ചു.

ബംഗളൂരുവിൽ നിന്നാണ് 1.65 ലക്ഷം രൂപയുടെ കള്ളനോട്ടുമായി കൊടുങ്ങല്ലൂർ സ്വദേശികളായ രാകേഷ്, സജീവ് എന്നിവരെ പിടികൂടിയത്. ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി അംഗവുമയിരുന്ന രാകേഷ് ഇത് മൂന്നാം തവണയാണ് കള്ളനോട്ട് കേസിൽ അറസ്റ്റിലാകുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇതെന്തൊക്കെയാണ് കേരളത്തിൽ സംഭവിക്കുന്നത്!

രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനൽ കേസിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതേ പണി ചെയ്യുക, വീണ്ടും പിടിക്കപ്പെടുക. ഇതിങ്ങനെ പരമ്പരയായി തുടരുക!

നമ്മുടെ പോലീസിന് ഇൻ്റലിജൻസ് സംവിധാനങ്ങളൊന്നും നിലവിലില്ലേ? കൃത്യമായ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ ജാമ്യത്തിലിറങ്ങിയാലും ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയാലും പിന്നീടയാൾ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കാൻ പോലീസിന് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? അതോ കേന്ദ്ര ഭരണകക്ഷിയുടെ പിന്തുണയുള്ളയാളായതുകൊണ്ട് സംസ്ഥാന പോലീസും കണ്ണടക്കുന്നതാണോ?

സ്കൂൾ വിദ്യാർത്ഥികളെപ്പോലും “വർഷങ്ങളായി തുടർച്ചയായി നിരീക്ഷിച്ച്” അവർക്ക് മേൽ മാവോവാദി പട്ടവും യുഎപിഎ യുമൊക്കെ ചാർത്തിക്കൊടുക്കുന്ന കേരള പോലീസ് ഇതുപോലുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെയും ആ ‘ജാഗ്രത’ കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു!