‘പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം എവിടേക്കാണ് പോകുന്നത്? ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ പോലും നല്‍കുന്നില്ല’ : ജിഗ്നേഷ് മേവാനി

Jaihind News Bureau
Sunday, April 12, 2020

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഒരുക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി ജിഗ്നേഷ് മേവാനി എം.എല്‍.എ. ജീവന്‍ പോലും പണയംവെച്ച് പ്രതിരോധപ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് പി.പി.ഇ കിറ്റും മാസ്‌കും കൊടുക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം എവിടേക്കാണ് പോകുന്നതെന്ന ചോദ്യവും ജിഗ്നേഷ് മേവാനി ഉന്നയിച്ചു.

‘ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പി.പി.ഇ കിറ്റും മാസ്‌കും ലഭ്യമാക്കാനാകുന്നില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം എവിടേക്കാണ് പോകുന്നത്?’ – ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തു.

മതിയായ സുരക്ഷയില്ലാതെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡിനെതിരായ പോരാട്ടത്തില്‍ ഏർപ്പെട്ടിരിക്കുന്നത്. ഇക്കാര്യം കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇപ്പോഴും മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെ ജീവന്‍ പോലും പണയപ്പെടുത്തിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത്. ഡല്‍ഹി എയിംസിലെ റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. നേരത്തെ നഴ്സുമാരുടെ സംഘടനായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനും സമാനമായ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ജിഗ്നേഷ് മേവാനിയുടെ ചോദ്യം.