കൊവിഡ് കണക്കിലെ യാഥാര്‍ത്ഥ്യം മറനീക്കിയപ്പോള്‍ വിറളി പൂണ്ട് സർക്കാർ ; പ്രതിപക്ഷത്തെ പഴിചാരി തടിയൂരാന്‍ ശ്രമം

സംസ്ഥാനത്തെ കൊവിഡ് കണക്കുകളുടെ യാഥാർത്ഥ്യം പി.ആര്‍ കണ്‍കെട്ടിന്‍റെ മറ നീക്കി പുറത്തെത്തിയപ്പോള്‍ മുഖ്യമന്ത്രിക്കും സർക്കാരിനും സംഭവിച്ച വീഴ്ച മറയ്ക്കാന്‍ പ്രതിപക്ഷത്തിനെ കടന്നാക്രമിക്കാന്‍ ആസൂത്രിത ശ്രമവുമായി സി.പി.എം.  കൊവിഡ് കണക്ക് കുത്തനെ ഉയർന്നപ്പോള്‍ പ്രതിരോധത്തില്‍ സർക്കാരിന് സംഭവിച്ച വീഴ്ച തുറന്ന് സമ്മതിക്കാതെ പ്രതിപക്ഷത്തിനെ പഴിചാരി തടിയൂരാനാണ് മുഖ്യമന്ത്രിയുടെയും ശ്രമം. കൊവിഡിലെ കേരള മോഡല്‍ പരാജയമെന്ന് ബി.ബി.സിയും എണ്ണിപ്പറഞ്ഞതോടെ സഖാക്കളിപ്പോള്‍ മുഖം രക്ഷിക്കാന്‍ എന്താണ് മാർഗമെന്ന അന്വേഷണത്തിലാണ്.

ദിവസംതോറും കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ ഉയരുകയാണ്. കൊവിഡ് പ്രതിരോധം അമ്പേ പാളിയതോടെ സർക്കാരിന്‍റെ പിടിപ്പുകേടിന്‍റെ പഴി മറ്റുള്ളവരുടെ മേല്‍ ആരോപിച്ച് തടിയൂരാനാണ് ഇപ്പോഴത്തെ ശ്രമം. കൊവിഡ് രോഗികളുടെ എണ്ണം ഇന്ന് ആയിരവും കടന്നതോടെ സമൂഹമാധ്യമങ്ങളിലൂടെ പ്രതിപക്ഷത്തെ ആക്ഷേപിക്കാനാണ് ഇടത് കൂലിയെഴുത്തുകാരുടെയും ആസൂത്രിത ശ്രമം. ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ ലക്ഷ്യവും ഇതുതന്നെ. ”കേരളത്തിലിന്ന് കോവിഡ് രോഗികളുടെ എണ്ണം 1000 കവിഞ്ഞെന്നറിഞ്ഞ കോൺഗ്രസ് നേതാക്കൾ…” മരണത്തിന്‍റെ വ്യാപാരികള്‍ എന്ന ഹാഷ് ടാഗിലായിരുന്നു ബിനീഷിന്‍റെ പോസ്റ്റ്.

 

https://www.facebook.com/bineeshkodiyerihere/posts/1877599512380788

കൊറോണ പ്രതിരോധത്തില്‍ കേരളം ഒന്നാമതെന്ന് പാടി നടന്നിരുന്ന സൈബര്‍ സഖാക്കളും സംഘവും ഇപ്പോള്‍ മരണത്തിന്‍റെ വ്യാപാരികള്‍ എന്ന ദീനരോദനമാണ് ഉതിർക്കുന്നത്. മറ്റുള്ളവരില്‍ പഴിചാരി തടിയൂരുന്നതിലൂടെ യഥാർത്ഥ മരണത്തിന്‍റെ വ്യാപാരികളാകുന്നത് സർക്കാർ തന്നെയാണെന്ന സത്യവും തിരിച്ചറിയാതെ പോകരുത്. കൊവിഡിനെ മറയാക്കി ഇനിയും കണ്‍കെട്ട് നടത്താനാവില്ലെന്ന് മനസിലാക്കേണ്ട സമയവും അധികരിച്ചിരിക്കുന്നു.

അതേസമയം കൊവിഡ് പ്രതിരോധത്തില്‍ സർക്കാർ എടുക്കുന്ന നിലപാടുകള്‍ക്കൊപ്പമാണ് പ്രതിപക്ഷം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. സർക്കാർ പ്രതിരോധം പി.ആർ വർക്കുകളില്‍ മാത്രം ഒതുങ്ങുന്നു എന്ന് ചൂണ്ടിക്കാണിച്ചതും പ്രതിപക്ഷം തന്നെയാണ്. കൊവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിനായി സർക്കാരിനൊപ്പം അണിചേരുമ്പോഴും സർക്കാര്‍ പിഴവ് പ്രതിപക്ഷത്തിന് മേല്‍ ആരോപിച്ച് തടിയൂരാനുള്ള ശ്രമമാണ് ഉണ്ടാകുന്നത്. യഥാർത്ഥത്തില്‍ ഇത്തരത്തിലുള്ള നീക്കം സർക്കാരിന്‍റെ പരാജയമായി മാത്രമേ വിലയിരുത്തപ്പെടൂ. പ്രതിപക്ഷം ഉയർത്തിയ നിരവധി വിഷയങ്ങളില്‍ ആടിയുലഞ്ഞ സർക്കാരിന്‍റെ പിടിവള്ളിയായിരുന്നു കൊവിഡ്. എന്നാല്‍ പി.ആര്‍ വര്‍ക്കിലൂടെ കെട്ടിപ്പൊക്കിയ ഈ ചീട്ടുകൊട്ടാരവും തകർന്നടിയുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

പി.ആര്‍ വർക്കില്‍ നില്‍ക്കാതെ കാര്യങ്ങള്‍ കൈവിട്ടെന്നായപ്പോള്‍ മുഖ്യമന്ത്രിയുടെ ശരീരഭാഷയും മാറിത്തുടങ്ങി. തുടക്കത്തില്‍ വിജയത്തിന്‍റ ഊതിവീര്‍പ്പിച്ച കണക്കുകള്‍ കൊറോണ പത്രസമ്മേളനത്തില്‍ ആഘോഷമായി പറഞ്ഞിരുന്ന മുഖ്യമന്ത്രി പിന്നീട് മറ്റുള്ളവരെ പഴിചാരിത്തുടങ്ങി. പ്രവാസികളും അതുംകഴിഞ്ഞ് പ്രതിപക്ഷത്തെയും കുറ്റപ്പെടുത്തുന്ന രീതിയിലേക്കായി കാര്യങ്ങള്‍.  ആകെ രോഗികളുടെ എണ്ണം ആയിരമെത്താന്‍ 110 ദിവസം എടുത്തിരുന്ന അവസ്ഥയില്‍ നിന്ന് ഇപ്പോള്‍ ദിവസേന ആയിരം രോഗികള്‍ എന്നതും കവിഞ്ഞ് പോകുന്നു സംസ്ഥാനത്തെ കണക്ക്.  കൊവിഡിന്‍റെ ആരംഭകാലത്ത് സർക്കാർ നേട്ടമെന്ന രീതിയില്‍ ഉയർത്തിക്കാട്ടി ആഘോഷിച്ചിരുന്ന മുഖ്യമന്ത്രിക്കും കൂട്ടർക്കും നിലവിലെ അവസ്ഥയില്‍ ധാർമ്മിക ഉത്തരവാദിത്തമില്ലാതെയാകുന്നത് എങ്ങനെയെന്ന ചോദ്യവും പ്രസക്തമാകുന്നു. പി.ആര്‍ വർക്ക് കൊണ്ട് കൊറോണയെ തുരത്താനാവില്ല എന്ന സത്യം ഇനിയെങ്കിലും അംഗീകരിക്കാന്‍ തയാറായി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സംസ്ഥാനം വലിയൊരു ദുരന്തത്തിനാകും സാക്ഷ്യം വഹിക്കുക.

Comments (0)
Add Comment