‘റഫാല്‍ യുദ്ധവിമാനം എത്തുമ്പോള്‍ രാജ്യം അഭിമാനപൂർവം ഓര്‍ക്കുന്നത് എ.കെ ആന്‍റണിയെ’ : പി.ടി തോമസ്

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ എത്തുമ്പോൾ രാജ്യം അഭിമാനപൂർവം ഓർമിക്കുന്നത് പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്‍റണിയെ ആണെന്ന് പി.ടി തോമസ് എം.എല്‍.എ. ഡോ. മൻമോഹൻ സിംഗ് നേതൃത്വം നൽകിയ യു.പി.എ സർക്കാരിനും കരാറിനായി കഠിന പരിശ്രമം നടത്തിയ എ.കെ ആന്‍റണിക്കുമാണ് രാജ്യത്തിന്‍റെ പ്രതിരോധക്കുതിപ്പിന് ശക്തി പകരുന്ന നടപടിയുടെ പൂർണ മേന്മ അവകാശപ്പെടാൻ കഴിയുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കരാറില്‍ ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയതിനെ തുടർന്ന് ക്രമക്കേടില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം വിമാനം വാങ്ങിയാല്‍ മതിയെന്ന് എ.കെ ആന്‍റണി കർശന നിർദേശം നല്‍കുകയായിരുന്നു. എന്നാല്‍ എന്തെങ്കിലും ക്രമക്കേട് കണ്ടെത്താന്‍ പിന്നീട് വന്ന മോദി സർക്കാരിനും കഴിഞ്ഞില്ലെന്നും പി.ടി തോമസ് ചൂണ്ടിക്കാട്ടി. വിമാനം കിട്ടാന്‍ എട്ട് വർഷം കാലതാമസം വരുത്തുകയും വില മൂന്നിരട്ടിയാക്കുകയുമാണ് ബി.ജെ.പി നേതാക്കളുടെ ഇടപെടല്‍ കൊണ്ട് സംഭവിച്ചതെന്നും  പി.ടി തോമസ് കുറ്റപ്പെടുത്തി.

പി.ടി.തോമസ് എം.എല്‍.എയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ എത്തുമ്പോൾ അഭിമാനപൂർവം രാജ്യം ഓർമ്മിക്കുന്നത് എ കെ ആന്‍റണിയെ ആണ്. 136 യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്നും വാങ്ങാനും ഇതിൽ 108 എണ്ണം നമ്മുടെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സ് ലിമിറ്റഡിൽ ഫ്രാൻസിന്‍റെ സാങ്കേതിക സഹായത്തോടെ നിർമ്മിക്കാനും ആയിരുന്നു ധാരണ.

രണ്ട് ബി ജെ പി നേതാക്കൾ കരാറിനെ സംബന്ധിച്ച് പരാതി ഉയർത്തിയപ്പോൾ പരാതി പരിശോധിച്ചു ക്രമക്കേടില്ലായെന്നു ഉറപ്പ് വരുത്തിയതിനുശേഷം മാത്രം യുദ്ധവിമാനം വാങ്ങിയാൽ മതിയെന്ന കർശന നിർദേശം നൽകിയത് എ കെ ആന്‍റണിയായിരുന്നു. കരാറിൽ ക്രമക്കേട് കണ്ടെത്താൻ പിന്നീട് വന്ന നരേന്ദ്ര മോദി സർക്കാരിനും കഴിഞ്ഞില്ല.

വിമാനം കിട്ടാൻ 8 വർഷം കാലതാമസം ഉണ്ടാകാനും 526 കോടിയായിരുന്ന ഒരു വിമാനത്തിന്‍റെ വില 1200 കൊടിയിലധികമാകാനും, നമ്മുടെ പൊതുമേഖലാ സ്ഥാപനം 108 വിമാനങ്ങൾ വികസിപ്പിക്കുന്ന നടപടി ഇല്ലാതാക്കാനും കഴിഞ്ഞു എന്നതാണ് BJP പരാതി മൂലമുണ്ടായത്.

മൻമോഹൻ സിംഗ് നേതൃത്വം നൽകിയ UPA സർക്കാരിനും ഇതിനായി കഠിന പരിശ്രമം നടത്തിയ എ കെ ആന്‍റണിക്കും ആണ് രാജ്യത്തിന്‍റെ പ്രതിരോധക്കുതിപ്പിന് ശക്തിപകരുന്ന ഈ നടപടിയുടെ പൂർണ മേന്മ അവകാശപ്പെടാൻ കഴിയുന്നത്.

എ. കെ ആന്‍റണിക്ക് അഭിനന്ദനങ്ങൾ…

Comments (0)
Add Comment