ഇന്ത്യ സഖ്യം അധികാരത്തിലെത്തുമ്പോള്‍ കേന്ദ്രത്തിന്‍റെ വികലനയങ്ങള്‍ തിരുത്തും; മോദിയുടെ വിദ്വേഷപരാമർശങ്ങള്‍ പരിഹാസ്യമെന്ന് പ്രിയങ്കാ ഗാന്ധി

 

ഹാമിർപുർ/ഹിമാചല്‍പ്രദേശ്: തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമർശങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. വർഷങ്ങളായി കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തിലുണ്ട്. എന്നാൽ ആരുടെയും മംഗല്യസൂത്രമോ സ്വത്തോ തട്ടിയെടുത്തിട്ടില്ലെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇന്ത്യാ സഖ്യം അധികാരത്തിലെത്തുമ്പോള്‍ മോദി സർക്കാരിന്‍റെ വികല നയങ്ങള്‍ എല്ലാം തിരുത്തുമെന്നും പ്രിയങ്ക വ്യക്തമാക്കി. ഹിമാചല്‍പ്രദേശിലെ ഹാമിർപൂരില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മംഗല്യസൂത്രം കവർന്നെടുക്കുമെന്ന മോദിയുടെ വിദ്വേഷപരാമർശങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനമാണ് പ്രിയങ്ക നടത്തിയത്.  ഇന്ദിരാ ഗാന്ധി തന്‍റെ ആഭരണങ്ങൾ രാജ്യത്തിന് നൽകിയെന്നും സോണിയാ ഗാന്ധി തന്‍റെ മംഗല്യസൂത്രം രാജ്യത്തിനുവേണ്ടി ബലിയർപ്പിച്ചെന്നും പ്രിയങ്കാ ഗാന്ധി  പറഞ്ഞു. മോദിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിഹാസ്യമാണെന്നും ജനം ഇതുകേട്ട് ചിരിക്കുകയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

ചെറുകിട വ്യവസായികളുടെയും വ്യാപാരികളുടെയും അവസ്ഥ സംബന്ധിച്ച കേന്ദ്ര സർക്കാരിന്‍റെ നയങ്ങളെയും പ്രിയങ്ക കടന്നാക്രമിച്ചു. മോദി സർക്കാരിന്‍റെ വികല നയങ്ങള്‍ കാരണം ചെറുകിട വ്യവസായികൾ ഉള്‍പ്പെടെയുള്ളവർ ബുദ്ധിമുട്ടുകൾ നേരിടുന്നു. ചെറുകിട വ്യവസായങ്ങളും ബിസിനസും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ ഇതിന് മാറ്റം വരുത്തുമെന്നും കാർഷികോൽപ്പന്നങ്ങളിൽ നിന്ന് ജിഎസ്ടി ഒഴിവാക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. തൊഴിലുറപ്പു പദ്ധതി നഗരങ്ങളിലും കൊണ്ടുവരുമെന്ന് പ്രിയങ്ക പറഞ്ഞു.

ഹിമാചലിലെ ദുരന്തത്തില്‍ ഒരു രൂപയുടെ പോലും സഹായം നല്‍കാന്‍ കേന്ദ്ര സർക്കാർ തയാറായില്ല. ഹിമാചലിലെ കോണ്‍ഗ്രസ് സർക്കാരാണ് എല്ലാ ചെലവുകളും വഹിച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയത്. കോണ്‍ഗ്രസ് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ കേന്ദ്രസർക്കാർ മുഖം തിരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമായ ജൂണ്‍ ഒന്നിന് ഹിമാചല്‍ പ്രദേശിലെ നാല് മണ്ഡലങ്ങള്‍ വിധിയെഴുതും.

Comments (0)
Add Comment