ഇന്ദിരാഗാന്ധിയെ ‘ദുര്‍ഗ്ഗാദേവി’യെന്ന് വിളിച്ച വാജ്‌പേയി; അങ്ങനൊരു വിശേഷണം തനിക്ക് വേണ്ടെന്ന് ഇന്ദിര പറഞ്ഞതിനും കാരണമുണ്ട്..

Jaihind Webdesk
Sunday, May 5, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍കണ്ടുള്ള ഭയപ്പാടോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓരോ പ്രസ്താവനകളും പ്രസംഗങ്ങളും. ചരിത്രസത്യങ്ങളെ അപഹസിച്ച് നുണകള്‍ പടച്ചുവിടുകയും ഇന്ത്യന്‍ ദേശീയ സുരക്ഷാ സംവിധാനങ്ങളെ സ്വകാര്യസ്വത്തൊന്നപോലെ കൈകാര്യം ചെയ്തും മോദി പരക്കം പായുകയാണ്.

ഇതിനൊക്കെ പുറമെയാണ് ഇന്ത്യയുടെ ശില്‍പികളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളും. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടയിലായിരുന്നു രാജീവ് ഗാന്ധിയെ അവഹേളിച്ചുകൊണ്ടുള്ള മോദിയുടെ പ്രസംഗം. ഇക്കാര്യത്തില്‍ മോദി പുരോഗമിക്കുന്നുവെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇന്നലെ വരെ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു മോദിയുടെ ഭരണ പരാജയത്തിന് കാരണമെന്ന് പറഞ്ഞിരുന്ന പ്രധാനമന്ത്രി ഇപ്പോള്‍ രാജീവ് ഗാന്ധി വരെ എത്തിയിരിക്കുന്നു എന്നതാണ്.

സൈന്യത്തിന്റെ നേട്ടങ്ങളെ സ്വന്തം നേട്ടമായി അവതരിപ്പിക്കുകയും തിരിച്ചടികള്‍ പ്രതിപക്ഷത്തിന്റെ വീഴ്ച്ചയായും പറയുന്ന നരേന്ദ്രമോദിയുടെ നിലപാടുകള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും പ്രധാനമന്ത്രിക്ക് കുലുക്കമില്ല.
സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മേനിനടിക്കുന്ന പ്രധാനമന്ത്രി അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാറില്ലായെന്നതാണ് വാസ്തവം. ഇതോടെയാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സൈനികനയതന്ത്രജ്ഞതയുടെയും ഗുണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നത്. ഇന്ത്യയുടെ ധീരയായ പ്രധാനമന്ത്രി, ലോകചരിത്രത്തിലെ തന്നെ ശക്തയായ ഭരണാധികാരിയായി മാറിയത് അവരുടെ ധീരമായ നിലപാടുകള്‍കൊണ്ടായിരുന്നു.

1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധം- ഇന്ദിരാഗാന്ധി എന്ന ഭരണാധികാരിയെ ലോകമംഗീകരിച്ച സംഭവം. കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് 80 ലക്ഷത്തിലേറെ അഭയാര്‍ത്ഥികളെ ഇന്ത്യയിലേക്ക് പറഞ്ഞുവിട്ട പാക്ക് സൈന്യത്തിന് ഇന്ദിര കൊടുത്ത മറുപടി, പാക്ക് സൈനികരെ തടവിലാക്കിക്കൊണ്ട് പാക്കിസ്ഥാനിന്റെ അധീനതയില്‍ കഴിഞ്ഞിരുന്ന ബംഗ്ലാദേശിനെ പാക്കിസ്ഥാനില്‍നിന്നും വേര്‍പെടുത്തിക്കൊണ്ടായിരുന്നു. ഈ വിമോചനയുദ്ധത്തെ പ്രകീര്‍ത്തിച്ച് അന്നത്തെ പ്രതിപക്ഷനേതാവ് അടല്‍ബിഹാരി വാജ്പേയ് ഇന്ദിരാഗാന്ധിയെ വിശേഷിപ്പിച്ചത് ‘ദുര്‍ഗാദേവി’ എന്നായിരുന്നു! ചരിത്രത്തിനുമേല്‍ എത്രയൊക്കെ കണ്ണടച്ചാലും മറയാത്ത യഥാര്‍ത്ഥ്യത്തിന്റെ ചിത്രങ്ങള്‍.
സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും ലോക്‌സഭാസ്പീക്കറുമായിരുന്ന സോമനാഥ് ചാറ്റര്‍ജി തന്റെ ആത്മകഥയില്‍ ഇന്ദിരയെക്കുറിച്ച് വിശദീകരിക്കുന്ന ഭാഗത്തില്‍ ഇങ്ങനെ കാണാം.
കിഴക്കന്‍ പാക്കിസ്താനിലെ ജനങ്ങളെ രക്ഷിക്കാന്‍ യുദ്ധം അനിവാര്യമാണെന്ന് ഇന്ദിരാഗാന്ധി തീരുമാനിച്ചു. യഹ്യാഖാന്‍ ഇന്ത്യയിലെ തങ്ങളുടെ സൈനികലക്ഷ്യങ്ങള്‍ക്ക് മേല്‍ ബോംബിടുക എന്ന കര്‍ക്കശ നടപടിയെടുത്തപ്പോള്‍ ഇന്ത്യന്‍ സൈന്യം ധാക്കയിലേക്ക് നീങ്ങി. യുദ്ധം ഏതാണ്ട് രണ്ടാഴ്ച്ച നീണ്ടുനിന്നു. 1971 ഡിസംബര്‍ 16ന് പാകിസ്താന്‍ കരസൈന്യത്തിലെ ജനറല്‍ എ.എ.കെ. നിയാസി ഇന്ത്യന്‍ കരസൈന്യത്തിലെ ജനറല്‍ ജഗ്ജിത് സിങ് അറോറയ്ക്ക് മുന്‍പാകെ കീഴടങ്ങി. അതിശയകരമായ സംഭവപരമ്പരകളിലൂടെ അവസാനം ബംഗ്ലാദേശ് വിമോചിക്കപ്പെടുകയും സ്വതന്ത്രരാഷ്ട്രമായിത്തീരുകയും ചെയ്തു. ഇന്ത്യക്കായിരുന്നു അതിന്റെ കീര്‍ത്തി.
സ്വതന്ത്രരാഷ്ട്രമെന്ന നിലയില്‍ ബംഗ്ലാദേശിന്റെ രൂപീകരണത്തില്‍ ഇന്ത്യയുടെ പങ്ക് ഇന്ദിരാഗാന്ധിയെ ഇന്ത്യയിലെ സാമാന്യജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ജനസമ്മതയാക്കി. അടല്‍ബിഹാരി വാജ്‌പേയി അവരെ ‘ദുര്‍ഗാദേവി’യെന്ന് വിശേഷിപ്പിച്ചതായി ഒരു വിഭാഗം മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി’
ഇക്കാര്യം സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പാര്‍ലമെന്റ് രേഖകളെ അടിസ്ഥാനമാക്കി ഉറപ്പുവരുത്തുകയും അക്കാര്യം പാര്‍ലമെന്റില്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
‘ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം അടല്‍ബിഹാരി വജ്‌പേയി ഇന്ദിരഗാന്ധിയെ ‘ദുര്‍ഗ്ഗാദേവി’ എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ ഇന്ദിരാഗാന്ധി ഈ വിശേഷണത്തെ സ്വീകരിച്ചില്ല. കാരണം രാജ്യത്തിന്റെ പലഭാഗങ്ങളിലും ദളിതുകളും ഇതരജാതികളും മഹിഷാസുരനെ ആരാധിക്കുന്നുണ്ട്’
ജനതാദളിന്റെ ബീഹാറില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്ന പ്രേംകുമാര്‍ മാനി ‘ഇതരജാതികള്‍ ആരെയൊക്കെയാണ് ആരാധിക്കുന്നത്’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു. ‘ബംഗ്ലാദേശിന്റെ രൂപീകരണത്തിന് കാരണമായ 1971 ലെ യുദ്ധത്തിന് ശേഷം ജനസംഘ് നേതാവായിരുന്ന അടല്‍ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ‘അഭിനവ് ഛാന്ദി ദുര്‍ഗ’ എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ കമ്മ്യൂണിസ്റ്റ് നേതാവായ എസ്.എ. ഡാങ്കെ ഇതിനെതിരെ രംഗത്തുവന്നു. ദുര്‍ഗ്ഗാദേവി ദളിതുകളെയും പിന്നാക്കസമുദായങ്ങളെയും കൂട്ടക്കൊല നടത്തുകയായിരുന്നു. ആവരമാണ് കഴുത്തില് അണിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരമൊരു വിശേഷണം ഇന്ദിരാഗാന്ധിയെ വിളിക്കരുത്’

ഡാങ്കെയുടെ ഇടപെടലോടെ ഇന്ദിരാഗാന്ധി പാര്‍ലമെന്റില്‍ തന്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു. ‘ഞാന്‍ ഇന്ദിര മാത്രമാണ്.. അങ്ങനെ തന്നെ തുടരുകയും ചെയ്യും’

ഛാര്‍ഗണ്ഡില്‍ സന്തല്‍, അസുര സമുദായക്കാര്‍ മഹിഷാസുരനെ ആരാധിക്കുന്നവരാണ്. ബിഹാറിലും ബംഗാളിലും മധ്യേന്ത്യയുടെ ഇതരപ്രദേശങ്ങളിലും മഹിഷാസുരനെ കുലപുരുഷനായി സങ്കല്‍പ്പിക്കുന്നുണ്ട്. ഛാര്‍ഗണ്ഡിലും മധ്യപ്രദേശിലെ ബുന്ദേല്‍ഘന്ദ് ഭാഗങ്ങളിലും കന്നുകാലി സംരക്ഷകനായും കരുതിപ്പോരുന്നു. മഹിഷാസുരനില്‍ നിന്നാണ് കര്‍ണാടകയില്‍ മൈസൂര്‍ എന്ന പേര് രൂപപ്പെടുന്നതുപോലും.