ഇനി വാട്‌സാപ്പ് സൂക്ഷിച്ച് ഉപയോഗിക്കുക; പരാതിപ്പെട്ടാല്‍ ഉടന്‍ നടപടിയെന്ന് ടെലികോം മന്ത്രാലയം

Jaihind Webdesk
Sunday, February 24, 2019

Whatsapp

ന്യൂഡല്‍ഹി: വാട്‌സാപ്പിലൂടെയുള്ള അപവാദപ്രചാരണങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും അറുതിവരുത്താന്‍ ടെലികോം മന്ത്രാലയം. കുറ്റകരമോ അശ്ലീലമോ ആയ സന്ദേശങ്ങളെക്കുറിച്ചു പരാതിപ്പെടാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് ഇപ്പോള്‍. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും സന്ദേശമയച്ചയാളുടെ മൊബൈല്‍ നമ്പറും സഹിതം [email protected] എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതിയെന്നാണ് ടെലികോം മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്കും പോലീസിനും തങ്ങള്‍ നിര്‍ദേശം നല്‍കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വാട്‌സാപ്പിലൂടെയും മറ്റും കുറ്റകരമായ സന്ദേശങ്ങള്‍ നിരന്തരം ലഭിക്കുന്നതായി സെലിബ്രറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിപ്പെടാന്‍ തുടങ്ങിയതോടെയാണ് ടെലികോം മന്ത്രാലയം നടപടി സ്വീകരിച്ചതെന്നാണു വിവരം.

മൊബൈല്‍ കണക്ഷനുകള്‍ ഉപയോഗിച്ചു വ്യക്തിഹത്യാപരവും കുറ്റകരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയാന്‍ ടെലികോം കന്പനികള്‍ക്ക് ബാധ്യതയുണ്ടെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു.