‘എന്‍റെ യൂട്യൂബ് ചാനല്‍ കണ്ടുനോക്കൂ’; ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത്

Jaihind Webdesk
Tuesday, July 12, 2022

തിരുവനന്തപുരം: മുൻ ജയില്‍ ഡിജിപി ആർ ശ്രീലേഖയും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടൻ ദിലീപും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെള്ളപൂശിയും പോലീസിനെതിരെയും ആര്‍ ശ്രീലേഖ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആർ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റ് പുറത്തുവന്നത്. അതേസമയം ശ്രീലേഖയുടെ ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ നടി കോടതിയെ സമീപിച്ചേക്കും. ക്രൈം ബ്രാഞ്ച് മൂന്ന് ദിവസത്തിനകം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ശ്രീലേഖയുടെ ആരോപണവും കോടതിക്ക് മുന്നിലെത്തുന്നത്.

ദിലീപും ആർ ശ്രീലേഖയും തമ്മിലുള്ള മുൻപരിചയം വ്യക്തമാക്കുന്ന മട്ടിലുള്ള ആശയവിനിമയമാണ് പുറത്തുവന്നത്. 2021 മേയ് 23 നുള്ള സന്ദേശങ്ങളാണിവ. തന്‍റെ യൂട്യൂബ് ചാനലിനെക്കുറിച്ച് ശ്രീലേഖ ദിലീപുമായി സംസാരിക്കുന്ന ഭാഗമാണ് പുറത്തുവന്നത്. സമയം കിട്ടുമ്പോൾ തന്‍റെ ചാനല്‍ കാണണമെന്നും സബ്സ്ക്രൈബ് ചെയ്യണമെന്നും ദിലീപിനോട് നിർദേശിക്കുന്നുണ്ട്. ശ്രീലേഖയോട് സംസാരിക്കാൻ കഴിഞ്ഞതിൽ ദിലീപും സന്തോഷം പ്രകടിപ്പിക്കുന്നു.

യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുണ്ടായത്. ദിലീപ് നിരപരാധിയാണെന്നും മാധ്യമങ്ങളുടെ സമ്മർദം മൂലമാണ് പ്രതിയാക്കിയതെന്നും ദിലീപിനെ കുടുക്കാൻ വ്യാജ തെളിവുണ്ടാക്കി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ശ്രീലേഖ ഉന്നയിച്ചത്. പള്‍സർ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണെന്ന പരാമർശവും ശ്രീലേഖ നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ചിത്രം എടുത്ത യുവാവ് രംഗത്തെത്തി.

പൾസർ സുനി നേരത്തേയും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നും ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ഈ വെളിപ്പെടുത്തലില്‍ ശ്രീലേഖക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തക പ്രൊഫ. കുസുമം ജോസഫ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റകൃത്യം അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നത് ഗുരുതരമായ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തൃശൂര്‍ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.