മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് പച്ചക്കള്ളം; ഇ.പി ജയരാജനെതിരെ കോടതിയെ സമീപിക്കുമെന്ന് ഫർസീന്‍ മജീദ്

Jaihind Webdesk
Thursday, July 7, 2022

കണ്ണൂർ: വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജനെതിരെ കേസെടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷമായ പ്രതികരണവുമായി മർദ്ദനത്തിന് ഇരയായ ഫർസീന്‍ മജീദ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരാതിയില്ലാത്തതിനാൽ അദ്ദേഹത്തിനെതിരെ കേസെടുക്കില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. ഇത് കള്ളമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസീൻ മജീദ് പറഞ്ഞു.

കേസെടുക്കാത്തത് പരാതിയില്ലാത്തതു കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണ്. വലിയതുറ പൊലീസ് സ്റ്റേഷനിൽ ജൂൺ 24 ന് പരാതി നൽകിയിരുന്നു. നിയമസഭയെ കബളിപ്പിക്കുന്ന കള്ളമാണ് മുഖ്യമന്ത്രി പറഞ്ഞത്. വിമാനത്തിൽ ഇ പി ജയരാജൻ ആക്രമിച്ചതിന് വീഡിയോ തെളിവുണ്ട്. മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞതോടെ നീതി ലഭിക്കില്ലെന്ന് വ്യക്തമായി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുമ്പോൾ തള്ളിയിടാൻ ഇ.പി ജയരാജൻ മുഖ്യമന്ത്രിയുടെ ഗൺമാനാണോയെന്നും ഫർസീൻ മജീദ് ചോദിച്ചു. ഇ.പി ജയരാജനെതിരെ കോടതിയെ സമീപിക്കും. എല്‍ഡിഎഫ് കണ്‍വീനർക്കെതിരായ തെളിവുകൾ കോടതിയിൽ നൽകുമെന്നും ഫർസീൻ മജീദ് വ്യക്തമാക്കി.

സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനവ്യാപകമായി മുഖ്യമന്ത്രിക്കെരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് വിമാനത്തിനുള്ളിലും പ്രതിഷേധമുണ്ടായത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസീൻ മജീദും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ നവീൻ കുമാറുമാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രി രാജിവെക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തുക മാത്രമാണ് ഇവർ ചെയ്തത്. എന്നാല്‍ ഇവർക്കരികിലേക്ക് പാഞ്ഞെത്തിയ എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച് സീറ്റിനിടയിലേക്ക് തള്ളിയിടുകയായിരുന്നു.