‘മുകേഷ് പറഞ്ഞത് പച്ചക്കള്ളം, നിയമ നടപടികളുമായി മുന്നോട്ടുപോകും’: നടി മിനു മുനീർ

 

കൊച്ചി: ലൈംഗിക പീഡനാരോപണം നിഷേധിച്ച എം. മുകേഷ് എംഎല്‍എയുടെ വിശദീകരണം പച്ചക്കള്ളമെന്ന് നടി മിനു മുനീർ. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും മിനു വ്യക്തമാക്കി. ലൈംഗികാരോപണത്തിന് പിന്നില്‍ ബ്ലാക്ക്മെയിലിംഗ് ആണെന്നായിരുന്നു മുകേഷ് വിശദീകരിച്ചത്. ഇതു നിഷേധിച്ച നടി മിനു മുനീർ സിനിമയില്‍ അവസരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ് മുകേഷിനെ സമീപിച്ചിട്ടില്ലെന്നും അവസരം നല്‍കാൻ മുകേഷ് സംവിധായകൻ ഒന്നും അല്ലല്ലോ എന്നും ചോദിച്ചു.

“എന്നെ മുകേഷിന് അറിയാമെന്ന് പറഞ്ഞത് നന്നായി. മുകേഷിനെ പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ല. ബ്ലാക്ക് മെയില്‍ ചെയ്തെങ്കില്‍ അന്ന് തന്നെ പോലീസില്‍ പരാതിപ്പെടാമായിരുന്നില്ലേ. എന്താണ് പരാതി നല്‍കാൻ മുകേഷ് വൈകിയത്? മുകേഷ് പറയുന്നതെല്ലാം കള്ളമാണ്, നിയമ നടപടികളുമായി മുന്നോട്ടുപോകും” – മിനു മുനീര്‍ പറഞ്ഞു.

മിനു മുനീറിന്‍റെ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നുമാണ് നടൻ മുകേഷ് ആരോപണത്തിന് പിന്നാലെ വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞത്. മുകേഷിന്‍റെ രാജിക്കായി പ്രതിഷേധം ശക്തമായതോടെയായിരുന്നു എംഎല്‍എയുടെ വാർത്താക്കുറിപ്പിലൂടെയുള്ള വിശദീകരണം.

എം. മുകേഷ് എംഎല്‍എയുടെ വാർത്താക്കുറിപ്പില്‍ നിന്ന്:

മിനു മുനീര്‍ ബ്ലാക്ക് മെയില്‍ ചെയ്തു. ഒരു ലക്ഷണമെങ്കിലും തരണമെന്ന് എന്നോട് ആവശ്യപ്പെട്ടു. തുക ആവശ്യപ്പെട്ട് വാട്ട്സ് ആപ്പില്‍ സന്ദേശം അയച്ചു.

2009ൽ മിനു കുര്യൻ എന്ന പേരുള്ള സ്ത്രീ തന്‍റെ വീട്ടിൽ വന്നിരുന്നു. അവസരങ്ങൾക്കായി സഹായിക്കണം എന്ന് ആവശ്യപ്പെട്ടു. ശ്രമിക്കാം എന്ന് താൻ മറുപടി നൽകുകയായിരുന്നു. പിന്നീട് തന്‍റെ നല്ല പെരുമാറ്റത്തെ അഭിനന്ദിച്ച് മിനു സന്ദേശം അയക്കുകയായിരുന്നു. ഒരു അനിഷ്ടവും അവര്‍ പ്രകടിപ്പിച്ചില്ല. 2022ലാണ് പിന്നിട് തന്നെ അവര്‍ പരിചയപ്പെടുന്നത്. മിനു മുനീര്‍ എന്ന പേരിലാണ് അന്ന് പരിചയപ്പെടുത്തിയത്. ഇതിനുശേഷമാണ് സാമ്പത്തിക സഹായം തേടിയത്. പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. മിനുവിന്‍റെ ഭർത്താവ് എന്നവകാശപ്പെട്ടയാളാണ് ഫോണിൽ വിളിച്ച് വൻ തുക ആവശ്യപ്പെട്ടത്. ബ്ലാക്ക് ചെയ്തെന്നതിന് തെളിവ് ഉണ്ടെന്നും മുകേഷ് പറഞ്ഞു. മിനു മുനീറിനെതിരെ നിയമനടപടി സ്വീകരിക്കും. ബ്ലാക്ക് മെയിലിംഗിന് കീഴടങ്ങില്ല. ആരോപണത്തിൽ തനിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സുതാര്യമായ അന്വേഷണം വേണം. ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരണം.

മുകേഷിന്‍റെ വാര്‍ത്താക്കുറിപ്പിന് പിന്നാലെയാണ് ഇക്കാര്യങ്ങള്‍ തള്ളിക്കൊണ്ട് മിനു മുനീര്‍ രംഗത്തെത്തിയത്.

Comments (0)
Add Comment