എന്താണ് ആര്‍ട്ടിക്കിള്‍ 35 A, ആർട്ടിക്കിള്‍ 370 ?

ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 35 A, 370 എന്നിവ. ജമ്മു-കശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനാ വകുപ്പാണ് ആർട്ടിക്കിള്‍ 35 A. ആര്‍ട്ടിക്കിള്‍ 370  ജമ്മു-കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്നു.

ആർട്ടിക്കിള്‍ 35 A

ജമ്മു-കശ്മീരിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനാ വകുപ്പാണ് 35 A. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്. ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, സര്‍ക്കാർ ജോലികളില്‍ സംവരണം, പഠനത്തിനുള്ള സര്‍ക്കാര്‍ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരവാസികള്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. ഇതനുസരിച്ച് മറ്റ് സംസ്ഥാനക്കാർക്ക് ജമ്മു-കശ്മീരിലെ സ്കോളർഷിപ്പിന് അപേക്ഷിക്കാന്‍ പോലും സാധ്യമല്ല. സ്വാതന്ത്ര്യത്തിന് മുമ്പ് ജമ്മു-കശ്മീരില്‍ നിലവിലിരുന്ന നിയമത്തിന്‍റെ തുടര്‍ച്ചയെന്നോളമാണ് ജമ്മു-കശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത്.

ആര്‍ട്ടിക്കിള്‍ 370

ജമ്മു കശ്മീരിന് പ്രത്യേക അധികാരം വ്യവസ്ഥ ചെയ്യുന്നതാണ് ആര്‍ട്ടിക്കിള്‍ 370. ഡല്‍ഹി കരാര്‍ അനുസരിച്ചാണ് ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയത്. കരാര്‍ അനുസരിച്ച് പ്രതിരോധം, വിദേശകാര്യം, വാര്‍ത്താ വിനിമയം എന്നീ മേഖലകളൊഴികെ ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കുന്ന ബില്ലുകള്‍ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കില്‍ സംസ്ഥാനസര്‍ക്കാരിന്‍റെ അംഗീകാരം ആവശ്യമാണെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന ഗോപാലസ്വാമി അയ്യങ്കാറാണ് ആര്‍ട്ടിക്കിള്‍ 370 ന്‍റെ കരട് തയാറാക്കിയത്. നിയമനിർമാണത്തിനും കേന്ദ്രത്തിന് നിയമസഭയുടെ അനുമതി വേണം. ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370-ാം വകുപ്പ്.

article 370 AJammu-KashmirParliament
Comments (0)
Add Comment