‘കല്‍പ്പറ്റയിൽ നടന്നത് സ്റ്റാലിനിസ്റ്റ് കാടത്തം’: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Friday, June 24, 2022

കല്‍പ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണം ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തിയ അങ്ങേയറ്റം അധിക്ഷേപാർഹമായ നടപടിയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിൽ നിലനിൽക്കുന്ന അരാജകാവസ്ഥയുടെ നേർ ചിത്രമാണ് ഈ ഹീനമായ നടപടി. സിപിഎം. നേതൃത്വത്തിന്‍റെ അറിവും സമ്മതവുമില്ലാതെ ഒരിക്കലും ഇത് നടക്കില്ല. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖമന്ത്രി ഇക്കാര്യത്തിൽ നടത്തിയ പ്രതികരിക്കണം ഒഴുക്കൻ മട്ടിലുളതാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരെ ആക്രമണം അഴിച്ചു വിട്ട് ബിജെപി. അഖിലേന്ത്യാ നേതൃത്വത്തിന്‍റെ പ്രീതി നേടാനുള്ള വിഫല ശ്രമമാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് ഇന്ദിരാഭവന് നേരെ നടന്ന ആക്രമണം ഒരു തുടക്കമായിരുന്നു. തുടർന്ന് സംസ്ഥാന വ്യാപകമായി അക്രമ പരമ്പരകൾ തന്നെ അരങ്ങേറുകയായിരുന്നു. പയ്യന്നൂരിൽ മഹാത്മാവിന്‍റെ പ്രതിമയുടെ ശിരച്ഛേദം നടന്നിട്ടു പോലും മുഖ്യ മന്ത്രിയും സിപിഎമ്മും വാചാല മൗനത്തിലായിരുന്നു.
കല്‍പ്പറ്റയിൽ നടന്ന അക്രമത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ ഫോട്ടോ നശിപ്പിച്ചുവെന്നതും ഗൗരവത്തോടെ മാത്രമേ കാണാൻ കഴിയുകയുള്ളൂ.

ഫാസിസത്തിനെതിരെ ജനാധിപത്യ മതേതര ശക്തികളെ അഖിലേന്ത്യാ തലത്തിൽ ഏകോപിച്ചുകൊണ്ടു പോകേണ്ട നിർണായകമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ കേരളത്തിലെ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമം അതിനെ ദുർബലപ്പെടുത്താനേ ഉപകരിക്കുകയുള്ളു. തികഞ്ഞ സ്റ്റാലിനിസ്റ്റായ മുഖ്യമന്ത്രിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രീതിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ജനാധിപത്യ വിശ്വാസികൾ ഇന്ന് നടന്ന ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും സംഭവത്തെ അപലപിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.