എന്ത് വിശ്വാസ്യതയാണ് സിപിഎം നേതാക്കള്‍ക്ക് ബാക്കിയുള്ളത് ? റഹീമിന്‍റെ വേഷംകെട്ടല്‍ ആരും മറന്നിട്ടില്ലെന്ന് വി.ടി ബല്‍റാം

Jaihind News Bureau
Monday, February 22, 2021

 

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന ഫൊറന്‍സിക് റിപ്പോർട്ടോടെ സി.പി.എമ്മിന്‍റെ കപടവേഷം വ്യക്തമായതായി വി.ടി ബല്‍റാം എം.എല്‍.എ. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അറിയാമായിരുന്നിട്ടും ബോധപൂർവമായി സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ സി.പി.എം നടത്തിയ ശ്രമങ്ങളെ വിമർശിച്ച് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. സി.പി.എം നേതാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൊലപാതകങ്ങള്‍ക്കൊപ്പം തൂക്കമൊപ്പിക്കാനുള്ള ശ്രമമായിരുന്നു അക്കാലത്തെ പ്രചരണത്തില്‍ അവർ നടത്തിയത്. കപടവേഷം ആടിത്തീർക്കുന്നതിന് നേതൃത്വം നല്‍കിയത് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമായിരുന്നു എന്നത് ആരും മറന്നിട്ടില്ലെന്നും ബല്‍റാം പറഞ്ഞു. എന്ത് ക്രെഡിബിലിറ്റിയാണ് ഈ സി.പി.എം നേതാക്കൾക്ക് ബാക്കിയുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

വി.ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് :

“എന്തിന് കൊന്നു കോൺഗ്രസ്സേ” എന്ന് ഡിവൈഎഫ്ഐക്കാർ നാടുനീളെ ഗദ്ഗദ സ്വരത്തിൽ മുതലക്കണ്ണീർ ഒഴുക്കിയ കൊലപാതകത്തിൻ്റെ ഫോറൻസിക് റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. രാഷ്ട്രീയ കൊലപാതകമല്ല നടന്നതെന്നും പരസ്പരം ഏറ്റുമുട്ടാൻ കരുതിക്കൂട്ടി ആയുധങ്ങളുമായി എത്തിയ ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിലെത്തിയതെന്നും ഫോറൻസിക് റിപ്പോർട്ട് ശരിവയ്ക്കുന്നു. നേരത്തേ പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങൾ കണ്ടവർക്കും ബോധ്യപ്പെട്ടതാണ് ഇക്കാര്യം.

സിപിഎം നേതാക്കൾ നിരന്തരം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന അതിക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങൾക്കൊപ്പം തൂക്കമൊപ്പിക്കാൻ ഒരവസരം വീണു കിട്ടിയതിൻ്റെ അത്യാഹ്ലാദമായിരുന്നു അവരുടെ അക്കാലത്തെ പ്രചരണത്തിലുടനീളം. കാര്യങ്ങളൊക്കെ നേരിട്ടറിയാമായിരുന്നിട്ടും കപടവേഷം ആടിത്തീർക്കുന്നതിന് നേതൃത്വം നൽകിയത് പ്രദേശവാസി കൂടിയായ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമായിരുന്നു എന്നും ആരും മറന്നു കാണാൻ ഇടയില്ല.എന്ത് ക്രഡിബിലിറ്റിയാണ് ഈ സിപിഎം നേതാക്കൾക്ക് ബാക്കിയുള്ളത് !