കശ്‍മീരിൽ കേന്ദ്രം മറച്ചുപിടിക്കാൻ ആഗ്രഹിക്കുന്നതെന്ത് ?

Jaihind Webdesk
Tuesday, August 27, 2019

ശ്രീനഗറിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനം പറന്നുയർന്ന ശേഷം തികഞ്ഞ നിശ്ശബ്ദതയായിരുന്നു ഉള്ളിൽ. സംഭവിക്കാൻ പാടില്ലാത്തതെന്തൊക്കെയോയാണ് ജമ്മുകശ്മീരിൽ നടക്കുന്നതെന്ന് അതിനുമുമ്പുള്ള രണ്ടുമണിക്കൂറുകൾ കൊണ്ട് ഞങ്ങൾക്ക് മനസ്സിലായിരുന്നു. അവിടെനിന്നുള്ള ഒരു വിവരംപോലും പുറത്തുപോകരുതെന്നു ഭരണകൂടത്തിന് നിർബന്ധമുണ്ട് എന്ന് തോന്നിപ്പിക്കുന്നവിധത്തിൽ, ഭയം മൂലം ആരും ഒന്നും സംസാരിക്കാൻ പോലും തയാറാകുന്നില്ല എന്നതായിരുന്നു വിമാനത്താവളത്തിനുള്ളിലെ അവസ്ഥ. എങ്ങും തങ്ങളെ ആരൊക്കെയോ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നപോലെ പ്രദേശവാസികളായ യാത്രക്കാർ ചുറ്റുമുള്ളവരെ ഭയപെടുന്നു എന്ന് തോന്നി . വിമാനം പുറപ്പെട്ട് ഏതാനം മിനുട്ടുകൾ കഴിഞ്ഞപ്പോൾ ഒരു മധ്യവയസ്കയായ ഒരു സ്ത്രീ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു മുന്നോട്ടുവന്നു ഞങ്ങളുടെ സംഘത്തെ നയിച്ച രാഹുൽ ഗാന്ധിക്കരികിൽ നിന്നു. പതിയെ ഒരു തേങ്ങലോടെ അവർ എന്തൊക്കയോ പറയാൻ തുടങ്ങി. അതൊരു നിലവിളിയായി ഉയരാൻ അധികനേരം വേണ്ടിവന്നില്ല.

ഉറ്റവരെയും ജനിച്ചുവളർന്ന മണ്ണും നഷ്ടമായെന്ന് വിലപിച്ചുകൊണ്ട് എന്താണ് ഞങ്ങൾചെയ്ത തെറ്റെന്ന് നിങ്ങൾ പറഞ്ഞുതരണമെന്നു രാഹുലിനു മുൻപിൽ അവർ ഹൃദയംതകർന്നു പൊട്ടിക്കരയുകയായിരുന്നു. എൻ്റെ സഹോദരൻ ഹൃദ്രോഗിയാണ് . കഴിഞ്ഞ പത്തുദിവസമായി ഡോക്ടറെ കാണാൻ പോലും കഴിയുന്നില്ല. കുട്ടികൾക്ക് വീടിനുപുറത്തിറങ്ങാകുന്നില്ല തുടങ്ങിഅവർ ആഴ്ചകളായി അടക്കിവെച്ചിരുന്ന സങ്കടമെല്ലാം രാഹുലിന് മുൻപിൽ പെരുമഴയായി പെയ്തു. അവരെ ആശ്വസിപ്പിക്കാനാകാതെ ഞങ്ങൾ കുഴങ്ങി. ബന്ധുക്കൾ എവിടെയാണെന്ന് പോലും അവർക്കറിയില്ല. ഭക്ഷണമോ വെള്ളമോ കിട്ടുന്നില്ല. ആരും തമ്മിൽ സംസാരിക്കാറില്ല. എപ്പോഴും റോന്തുചുറ്റുന്ന സായുധരായ സൈനികർ മാത്രമാണ് താഴ്വരയിലെ പാതകളിൽ അവശേഷിക്കുന്നതെന്നു അവർ തേങ്ങലോടെ പറഞ്ഞുകൊണ്ടേയിരുന്നു.ഈ മാസമാദ്യം ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് അവിടുത്തെ സമാധാന അന്തരീക്ഷമെല്ലാം നഷ്ടപെട്ടന്നവർ വിലപിക്കുന്നു. ഇന്നലെ വരെ മിത്രങ്ങളായവർ പോലും ശത്രുക്കളായി മാറി. എന്താണ് സംഭവിക്കുന്നതെന്നവർക്കറിയില്ല. വാർത്ത- മാധ്യമങ്ങളില്ല, ഫോണും ഇന്റെർനെറ്റുമെല്ലാം വിച്ഛേദിക്കപ്പെട്ടിട്ടു ആഴ്ചകളായി. നാടുപേക്ഷിച്ചു പലായനംചെയ്യുന്ന ഒരു അഭയാർഥിയെപോലെ എല്ലാം ഇട്ടെറിഞ്ഞു പോകുന്ന നിരവധി കാശ്മീരികളിൽ ഒരാൾ മാത്രമാണവർ.

ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലികിന്റെ ക്ഷണമനുസരിച്ചു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ താഴ്വരയിലെ സ്ഥിഗതികൾ നേരിട്ടറിയാൻ ചെന്ന ഞങ്ങളുടെ പ്രതിനിധിസംഘത്തെ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ അനുവദിക്കാതെ പ്രദേശവാസികളിൽ നിന്നും അകറ്റിനിർത്താനാണ് ഭരണകൂടം ശ്രമിച്ചത്. ഉത്തരവാദിത്തപെട്ട പ്രതിപക്ഷമെന്ന നിലയിലും ജനങ്ങളോടും രാജ്യത്തോടും പ്രതിബദ്ധതയുള്ള രാഷ്ട്രീയ പ്രവർത്തകർ എന്ന നിലയിലും കാശ്മീരിൽ നടക്കുന്നത് എന്താണെന്നറിയാനും അവിടുത്തെ ജീവിതസാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും ഞങ്ങൾക്കവകാശമുണ്ട്. പക്ഷെ ഞങ്ങൾക്ക് അനുമതി നിഷേധിക്കപ്പെട്ടു. എന്നാൽ മടക്കയാത്രയിൽ കശ്മീരികളായ നിരവധിപേർ അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു ഞങ്ങളോട് തികഞ്ഞ നിസ്സഹായതയോടെ, കണ്ണീരോടെ, വാതോരാതെ പറഞ്ഞുകൊണ്ടേയിരുന്നു. അക്ഷരാർത്ഥത്തിൽ ഒരു തുറന്ന ജയിലിലെ പോലെയാണ് തങ്ങൾ ഇപ്പോൾ കാശ്മീരിൽ ജീവിക്കുന്നതെന്നു, പലരും പ്രതിപക്ഷ സംഘത്തോടും വിമാനത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരോടും തുറന്നു പറഞ്ഞു.

പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് അവിടുത്തെ ജനങ്ങൾ അങ്ങേയറ്റം ദുരിതപൂർണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അതേക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചറിഞ്ഞശേഷമാണ് രാഹുൽ ഗാന്ധി ജമ്മു കാശ്മീരിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ചത്. എന്നാൽ അന്ന് രാഹുലിനോട് ഗവർണർ പറഞ്ഞത്, ഞാൻ നിങ്ങൾക്ക് വിമാനം അയച്ചുതരാം, നിങ്ങൾ ഇവിടെ വന്ന് കാര്യങ്ങൾ നിരീക്ഷിച്ച് മനസിലാക്കൂ എന്നാണ്. വിമാനമൊന്നും വേണ്ട, യാത്ര ചെയ്യാനും ജനങ്ങളെയും മുഖ്യധാര രാഷ്ട്രീയ നേതാക്കളേയും സൈനികരേയും കാണാനും അനുമതി മാത്രം മതിയെന്നാണ് രാഹുൽ മറുപടി നൽകിയത്. ഇതിനെ തുടർന്നാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ, രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് , ഡി.എം.കെ നേതാവ് തിരുച്ചി ശിവ, എൻ.സി.പി, തൃണമൂൽ കോൺഗ്രസ് , ആർ.ജെ.ഡി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ അടക്കം ഞങ്ങൾ 12 പേരടങ്ങുന്ന പ്രതിനിധി സംഘം ശ്രീനഗറിൽ വിമാനമിറങ്ങിയത്. ബുദ്ഗാ൦ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്തിലെത്തിയ ഉദ്യോഗസ്ഥ സംഘം ഞങ്ങളെ തടഞ്ഞു, തുടർന്ന് എയർപോർട്ടിൽ നിന്നുതന്നെ മടങ്ങണമെന്നും പ്രതിനിധി സംഘത്തിന് പുറത്തിറങ്ങാൻ അനുമതി നിഷേധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി വളരെ പ്രകോപനകരമായ ഒരു ഉത്തരവ് വായിച്ചുകേൾപ്പിക്കയാണുണ്ടായത്. ഇതുതന്നെ ഭരണഘടന ഉറപ്പുനൽകുന്ന മൗലീകാവകാശങ്ങളുടെ ലംഘനവും ജനാധിപത്യവിരുദ്ധവുമായിരുന്നു.

വിമാനം ലാൻഡ് ചെയ്യന്നതിനു മുൻപായി താഴ്ന്നു പറക്കുമ്പോഴേ ഒഴിഞ്ഞ നിരത്തുകളും യുദ്ധസമാനമായ സൈനിക വ്യൂഹങ്ങളും തെളിഞ്ഞു കാണാമായിരുന്നു. കാശ്മീരിൽ സ്ഥിഗതികൾ ശാന്തമാണെന്നും സാധാരണനിലയിലാണ് ജനജീവിതമെന്ന രീതിയിൽ കേന്ദ്ര സർക്കാർ പുറത്തുവിടുന്ന വാർത്തകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നു ഞങ്ങൾക്ക് ഈ സന്ദർശനത്തോടെ ഒരിക്കൽക്കൂടി ബോധ്യമായി. കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നുവെന്ന് സർക്കാർ കള്ളം പറയുകയാണെന്ന് ശ്രീനഗർ സ്വദേശിയായ ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒരു ബിരുദവിദ്യാർത്ഥിനി ഞങ്ങളോട് പറഞ്ഞു.അവളുടെ അച്ഛൻ പൊലീസുകാരനാണ്. അതുകൊണ്ടാണ് അവൾക്കു സ്വതന്ത്രമായി യാത്രചെയ്യാൻ കഴിയുന്നതെന്നും പക്ഷെ ഇന്നലെ വരെ സ്നേഹത്തോടെ പെരുമാറിയിരുന്ന നാട്ടുകാർ, ഭരണകൂടത്തിനൊപ്പം നിൽക്കുന്ന പൊലീസുകാരനായ പിതാവിനെ ഇപ്പോൾ വെറുക്കുകയാണെന്നും അവൾ ഞങ്ങളോട് പറഞ്ഞു. സ്കൂളുകൾ തുറന്നെന്ന പ്രതീതിയുണ്ടാക്കാൻ സ്കൂൾ ബസുകൾ വരിവരിയായി നിരത്തിലിറക്കി അതിൻ്റെ ഫോട്ടോ മാധ്യമങ്ങൾക്കു സർക്കാർ കൊടുക്കയാണെന്നും ഇത്തരത്തിൽ യാഥാർഥ്യവുമായി പുലബന്ധമില്ലാത്ത വാർത്തകളാണ് കാശ്മീരിൽ നിന്നും പുറത്തുവരുന്നതെന്നും ആ പെൺകുട്ടി പറയുന്നു.

കശ്മീരിലെ സ്ഥിതി പുറത്തറിയാതിരിക്കാൻ കേന്ദ്രസർക്കാർ എന്തോക്കെയോ മറയ്ക്കുന്നുണ്ട്.അല്ലെങ്കിൽ പ്രതിപക്ഷ നേതാക്കളായ ജനപ്രതിനിധികളടക്കമുള്ള നേതാക്കളെ എന്തിനാണ് കുറ്റവാളികളെ പോലെ തടഞ്ഞുവെക്കുന്നത്. താഴ്വരയിലെ ജനജീവിതം ശാന്തമാണെങ്കിൽ അത് ലോകം അറിയട്ടെ. അവിടെ പഴയപോലെ സഞ്ചാരികളും പുറത്തുനിന്നും പല ആവശ്യങ്ങളുമായി വരുന്ന യാത്രക്കാരും എത്തട്ടെ. വാർത്ത വിനിമയ മാർഗങ്ങൾ തുറന്നു കൊടുക്കട്ടെ.അതിനൊന്നും സർക്കാർ പക്ഷെ തയ്യാറല്ല. അത് അവിടുത്തെ ജനങ്ങൾ തന്നെയാണ് ഞങ്ങളോട് പറഞ്ഞത് . അവർ ഇന്ന് താഴ്വരയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ല . പൗരാവകാശങ്ങളും സ്വാതന്ത്ര്യവും ഇവിടെ ചുട്ടെരിക്കപ്പെടുകയാണെന്ന് ഡൽഹിയിൽ കെട്ടിട നിർമാണ കമ്പനിയിൽ എൻജിനീയറായ, പേരുവെളിപ്പടുത്താൻ താല്പര്യമില്ലാത്ത ഒരു യുവാവ് പറയുന്നുണ്ടായിരുന്നു.

പക്ഷെ അന്തർദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്ന കാശ്മീരിന്റെ ഞെട്ടിക്കുന്ന നേർചിത്രങ്ങൾ ഇന്ത്യയിലെ മുഖ്യധാരമാധ്യമങ്ങൾ മൂടിവെക്കുന്നുവെന്നതാണ് അതിശയിപ്പിക്കുന്നത്. കാരണമൊന്നും പറയാതെ നിരവധിപേരെയാണ് സൈന്യവും പോലീസും അറസ്റ്റ് ചെയ്തും അല്ലാതെയും തടങ്കലിലാക്കുന്നത്. തെരുവുകളിൽ പ്രതിഷേധിക്കുന്നവരെ അതിക്രൂരമായാണ് ഭരണകൂടം കൈകാര്യം ചെയ്യുന്നത്.പെല്ലറ്റ് അക്രമങ്ങളിലും മറ്റും പരിക്കേറ്റു നിരവധിപേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. രോഗികൾക്കു ചികിത്സ നിഷേധിക്കപെട്ടും മറ്റുമുണ്ടാകുന്ന മരണനിരക്ക് വേറെയുമുണ്ട്. അവിടെ നടക്കുന്ന നീതി നിഷേധങ്ങൾ, ഇനിയൊരിക്കലും പുറത്തുവരാത്ത തരത്തിൽ മാധ്യമങ്ങൾ അവഗണിക്കുകയാണ്. എല്ലാം സമാധാനപരമാണെന്ന തരത്തിൽ, കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്ന രീതിയിൽ സെൻസർ ചെയ്ത വാർത്തകൾ മാത്രമാണ് പുറത്തു വരുന്നതെന്നാണ് ഞങ്ങൾ കണ്ട തദ്ദേശയീയരായ പലരും പറഞ്ഞത്. സൈനികർക്കും അർധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കും നേരെ പലയിടത്തും കല്ലേറ് നടക്കുന്നുണ്ട്. ശ്രീനഗറിൽ മാത്രം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഇരുനൂറിലധികം കല്ലേറ് സംഭവങ്ങൾ ഉണ്ടായെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടിടത്തായിപ്പോയ കുടുംബാംഗങ്ങൾക്ക് പോലും പരസ്പരം ബന്ധപ്പെടാനാവാത്ത അവസ്ഥയാണ് കാശ്മീരിൽ . അവരൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാനാവാത്ത അവസ്ഥ. തൊട്ടടുത്ത ഗ്രാമത്തിൽ അല്ലെങ്കിൽ പുറം ലോകതെന്താണ് നടക്കുന്നതെന്ന് ആർക്കുമറിയില്ല..ഇപ്പോഴത്തെ തങ്ങളുടെ ദുരിതം നിറഞ്ഞ ജീവിതവും കേന്ദ്ര നിയന്ത്രണങ്ങളെ തുടർന്ന് അനുഭവിക്കേണ്ടിവന്ന യാതനകളും പറയുമ്പോൾ പലർക്കും തേങ്ങലടക്കാനാകുന്നില്ല.

ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന രാജ്യസഭയിലെ പ്രതിപക്ഷനേതാവും ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനെ ഇതു മൂന്നാം തവണയാണ് ജനിച്ചമണ്ണിൽ കാലുകുത്താൻ പോലും അനുവദിക്കാതെ മടക്കിയയച്ചത്. ഇതിനു മുൻപ് തങ്ങളുടെ സഹപ്രവർത്തകനായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാൻ ശ്രീനഗറിലെത്തിയ സീതാറാം യെച്ചൂരിയേയും ഡി രാജയേയും വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു. കാരണം തങ്ങൾക്കു അനഭിമതരായവർ അവിടെ പോകാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ജനങ്ങളോട് അവർ സംസാരിച്ചാൽ സത്യം പുറത്തുവരും എന്നതിനെ അവർ ഭയക്കുന്നു. . മൗലീകാവകാശങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട അവസ്ഥയിലൂടെയാണ് കശ്മീരിലെ ജന സമൂഹം കടന്നു പോകുന്നതെന്നും പ്രതിനിധി സംഘത്തിന് നേരിൽ ബോധ്യപ്പെട്ടു. മുൻ മുഖ്യമന്ത്രിമാരായ ഫാറുഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയ പ്രധാന നേതാക്കളെല്ലാവരും ഇപ്പോഴും തടങ്കലിലാണ്. പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് കാശ്മീരിൽ ഇപ്പോഴും നടക്കുന്നത്. പക്ഷെ അതൊന്നും പുറംലോകമറിയുന്നില്ല.രാഷ്ട്രീയ പാർട്ടികളെയോ പൊതുപ്രവർത്തകരെയോ ആർക്കും വിശ്വാസമില്ല. ഈ അരക്ഷിതാവസ്ഥ തുടർന്നാൽ തീവ്രവാദ ശക്തികൾ മുതലെടുപ്പുനടത്തുന്നതിനുള്ള സാധ്യത തള്ളാനാവില്ലെന്നവർ പറയുന്നു.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും സ്വതന്ത്രരാജ്യമായി നിലനിന്ന കശ്മീർ നിർണായകമായ ഒരു ഭൂപ്രദേശമായതിനാൽ ഭാരതത്തിനു നഷ്ടമാകാതിരിക്കാൻ കൂടിയാണ് 370ാം അനുഛേദം ഇന്ത്യൻ ഭരണഘടനയോട് ചേർത്തത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ കശ്മീർ രാജാവായിരുന്ന രാജ ഹരിസിംഗ്, കാശ്മീർ ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരേണ്ടതില്ലെന്നും സ്വതന്ത്രരാജ്യമായി നിലനിൽക്കാമെന്നുമാണ് ആഗ്രഹിച്ചത് . എന്നാല്‍ പാകിസ്ഥാന്‍ പിന്തുണയോടെ വിഘടന വാദികൾ കശ്മീർ ആക്രമിച്ചപ്പോൾ കാശ്‌മീരിന്റെ സംരക്ഷണത്തിനായി രാജ ഹരിസിംഗും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും തമ്മില്‍ ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കാശ്മീർ ഇന്ത്യയുടെ ഭാഗമായി. ഈ ഉടമ്പടി ഒപ്പുവെച്ചകാര്യം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേൽ അറിഞ്ഞില്ലെന്നൊരു പ്രചാരണം നടക്കുന്നുണ്ട്. പക്ഷെ ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നത് പട്ടേലിന്റെ കൂടി സാന്നിധ്യത്തിൽ നടന്ന ഒരുയോഗമാണ് ഉടമ്പടി സംബന്ധിച്ച അന്തിമ തീരുമാനമെടുത്തതെന്നാണ്. അതനുസരിച്ചു ഇന്ത്യൻ ഭരണഘടനയുടെ 370-ാം അനുച്ഛേദ പ്രകാരം പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്‍റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമായിരുന്നു. 1954 ൽ കാശ്മീർ അസ്സംബ്ലി ഈ ലയനം അംഗീകരിച്ചു അതോടെ കാശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി. കാശ്മീരിന് മാത്രമല്ല ഇന്ത്യയിൽ പ്രത്യേക പദവിയുള്ളതെന്നുകൂടി ഇവിടെ ചേർത്തുവായിക്കണം. അരുണാചൽ പ്രദേശ്, സിക്കിം, നാഗാലാ‌ൻഡ്,മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി പത്തു സംസ്ഥാങ്ങങ്ങൾക്കു കൂടി രാജ്യത്ത് പ്രത്യേക പദവിയുണ്ട്. പക്ഷെ കശ്‍മീരിനെ മാത്രം രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി ഇപ്പോൾ വിഭജിക്കേണ്ടതിന്റെ അടിയന്തിരസാഹചര്യമെന്താണെന്നു കശ്മീരിലെ ജനങൾക്ക് ഇപ്പോഴും മനസിലായിട്ടില്ല.

തങ്ങളുടെ പൗരാവകാശങ്ങൾക്കു വിലക്കേർപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യവുമുൾപ്പെടെ കുഴിച്ചുമൂടാനും ഞങ്ങൾ എന്ത് തെറ്റ് ചെയ്തു എന്ന് ചോദിച്ച കശ്മീരിലെ ജനങ്ങളോട് ഒരുമറുപടിയും പറയാൻ ഞങ്ങൾക്കായില്ല.അത് ജനാധിപത്യത്തിലെ ഏറ്റവും സങ്കടകരമായ അവസ്ഥയാണ്. ഞങൾ പോകുന്നത് നിയമം ലംഘനം നടത്താനല്ലെന്നു ആദ്യമേ തന്നെ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചിരുന്നു.എന്നിട്ടും മൂന്നു മണിക്കൂറോളം എം പി മാരടക്കമുള്ള സംഘത്തെ എയർപോർട്ടിൽ അന്യമായി തടഞ്ഞു വെച്ചു. തിരികെ പോരാൻ നിർബന്ധിതമായ ഘട്ടത്തിൽ കശ്മീരിലെ സാഹചര്യങ്ങൾ സംബന്ധിച്ചു ആശങ്കയറിയിച്ചുകൊണ്ടും മൗലീവകാശങ്ങൾ ലംഘിച്ചു തങ്ങളെ തടഞ്ഞു വെച്ച ഭരണകൂടത്തിന്റെ ഭരണഘടനാവിരുദ്ധമായ നടപടിക്കെതിരയെയും പ്രതിനിധി സംഘത്തിലെ 12 പേരും ഒപ്പിട്ട നിവേദനം ഗവർണർക്കു കൈമാറാൻ ജില്ലാ മജിസ്ട്രേറ്റിനെ ഏല്പിച്ചാണ് മടങ്ങിയത്.

രാജ്യത്തിന്‍റെ അഖണ്ഡത ഊട്ടിഉറപ്പിക്കുന്നതിനു വേണ്ടി എന്നുപറഞ്ഞു നടപ്പിലാക്കിയ ഈ നടപടി കാരണം കശ്മീരിലെ ജനത മാതൃരാജ്യത്തിന് എതിരായി എന്നതാണ് വസ്തുത. കശ്മീരിൽ അരാജകത്വമുണ്ടാക്കി തദ്ദേശീയരെ ഇന്ത്യക്കെതിരെ പോരാടാൻ പ്രേരിപ്പിക്കുകയാണ് എക്കാലവും പാകിസ്ഥാൻ ചെയ്തുവരുന്നത്. ഒപ്പം കശ്മീരിലെ ജനത ഇന്ത്യക്കെതിരാണെന്ന പ്രചാരണമാണ് അന്തരാഷ്ട്രവേദികളിലടക്കം എന്നും പാകിസ്ഥാൻ ഉയർത്തുന്നത്. ആ വാദങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്ന തരത്തിൽ കശ്മീർ ജനതയെ രാജ്യത്തിനെതിരെ നീങ്ങാൻ പ്രോത്സാഹനം നൽകുന്ന നടപടിയാണ് ബിജെപി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ആ വിഘടനവാദ മുന്നേറ്റങ്ങൾക്കു പുതുജീവൻ വയ്ക്കുകയും ഇന്ത്യയുടെ സുരക്ഷക്ക് കൂടുതൽ ഭീഷണി ഉയർന്നിട്ടുമുണ്ട്. കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തു ഒപ്പം നിർത്തി തീവ്രവാദ മുന്നേറ്റങ്ങളെ ചെറുക്കുന്നതിന് പകരം പാകിസ്താന് തീവ്രവാദം പ്രോത്സാഹിപ്പിക്കാൻ താഴ്വരയിൽ അനുകൂല സാഹചര്യം ഒരുക്കാൻ മാത്രമാണ് ഈ നടപടി വഴിവയ്ക്കുക. അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് തുല്യമായ നിയന്ത്രണങ്ങളോടെ തങ്ങളുടെ ജീവിതം നരകതുല്യമാക്കുന്ന കേന്ദ്രസർക്കാരിലും ഒപ്പം ഇന്ത്യയുടെ മുഖ്യധാരാ രാഷ്ട്രീയത്തോടും ഇന്ന് തങ്ങൾക്കു വെറുപ്പാണെന്ന് പറയുന്ന കശ്മീർ ജനതയുടെ ഒരു പരിഛേദത്തെ തന്നെയാണ് ഞങ്ങൾ പലരിലും കണ്ടത്. എന്തോ വലിയ വിപത്തു തങ്ങൾക്കു വരാൻ പോകുന്നുവെന്ന ഭയം കാശ്മീർ ജനതക്കുണ്ട്.ഞങ്ങളോട് സംസാരിച്ചവരാരും ആ ഭയം മറച്ചുവെച്ചില്ല. കാശ്മീർ മുതൽ കന്യാകുമാരിവരെ ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന സങ്കല്പത്തിന്റെ അടിവേരറുക്കുന്ന തരത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ മാത്രമുതകുന്ന ഒരിക്കലും നീതീകരിക്കാനാവാത്ത നടപടികളും സമീപനവുമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നു വ്യക്തമാണ്. ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ ഇതൊരു കറുത്ത അധ്യായമായി കാലം രേഖപ്പെടുത്തും.

(എ.ഐ.സി.സി ജനറൽ സെക്രട്ടറിയും കശ്മീർ സന്ദർശിക്കാൻ പോയ പ്രതിപക്ഷ പ്രതിനിധി സംഘത്തിലെ അംഗവുമാണ് ലേഖകൻ)