കാസർകോട്ടെ പ്രശ്‌നബാധിത ബൂത്തുകളിലെ ദൃശ്യങ്ങളുടെ പരിശോധന ഇന്ന്

കാസർകോട്ടെ പ്രശ്‌നബാധിത ബൂത്തുകളിലെ ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും. കള്ളവോട്ട് പരാതിയെ തുടർന്നാണ് നടപടി. വെബ്‌സ്ട്രീമിംഗ് ദൃശ്യങ്ങളാണ് ജില്ലാ കളക്ടർ പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശപ്രകാരമാണ് പരിശോധന. 43 പ്രശ്‌നബാധിത ബൂത്തുകളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുക.

പരിശോധനക്ക് ബൂത്ത് ലെവൽ ഓഫീസർമാരോട് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വെബ് സ്ട്രീമിംഗ് നടത്തിയവരും ഹാജരാകണമെന്നാണ് നിർദ്ദേശം. കാസർകോട് കളക്ടറേറ്റ് കേന്ദ്രീകരിച്ച് രാവിലെ 10 മണി മുതലായിരിക്കും പരിശോധന ആരംഭിക്കുക. വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.

പരിശോധനക്ക് നേതൃത്വം നൽകിയ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് വരണാധികാരികൂടിയായ കളക്ടർക്ക് റിപ്പോർട്ട് കൈമാറുക. പരിശോധനകൾക്ക് ശേഷം റിപ്പോർട്ട് ഉടൻ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും. ദൃശ്യങ്ങളിൽ അസ്വാഭാവികതയോ ബൂത്തിനകത്ത് അനധികൃതമായി ആളുകൾ പ്രവേശിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയും പരിശോധിക്കുന്നുണ്ട്.

കാസർഗോഡ് നിയമസഭാ മണ്ഡലത്തിലെ നാലും ഉദുമയിലെ മൂന്നും കാഞ്ഞങ്ങാട്ടെ പതിമൂന്നും തൃക്കരിപ്പൂരിലെ ഇരുപത്തിമൂന്നും ബൂത്തുകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്. ബൂത്ത് ലവൽ ഓഫീസർ, വെബ് സ്ട്രീമിംഗ് നടത്തിയ ടെക്‌നീഷ്യൻമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയ സാങ്കേതിക വിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.

bogus voteKasargod
Comments (0)
Add Comment