12 ജില്ലകളില്‍ ചൂട് കൂടും; ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന ചൂടിന് ശമനമില്ല. 12 ജില്ലകളില്‍ ചൂട് കൂടും. വയനാടും ഇടുക്കിയും ഒഴികെ എല്ലാ ജില്ലകളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന ചൂടിന് ശമനമില്ല. 12 ജില്ലകളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പത്തനംത്തിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ്, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് താപനില ഉയരുക. ഇന്നും നാളെയും കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംത്തിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

താപനില ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും രംഗത്തെത്തി. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക, നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.

Comments (0)
Add Comment