ബി.ബി.സി, റോയിട്ടേഴ്സ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ കശ്മീരില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് ആരോപിച്ച കേന്ദ്രസര്‍ക്കാരിന് ബി.ബി.സിയുടെ മറുപടി. നിഷ്പക്ഷമായാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നതെന്നും ഞങ്ങളുടെ മാധ്യമപ്രവർത്തനത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായും ബി.ബി.സി വ്യക്തമാക്കി. കശ്മീരില്‍ എന്താണോ നടക്കുന്നത് അത് തുടർന്നും പുറംലോകത്തെ അറിയിക്കുമെന്നും ബി.ബി.സി മോദി സർക്കാരിന് മറുപടി നല്കി. ട്വിറ്റർ പോസ്റ്റിലൂടെയാണ് ബി.ബി.സി മറുപടി നല്‍കിയത്.
‘ബി.ബി.സി അതിന്റെ മാധ്യമപ്രവര്‍ത്തനത്തില്‍ ഉറച്ചുനില്‍ക്കും. കശ്മീരിലെ സംഭവവികാസങ്ങള്‍ ഞങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന ആരോപണങ്ങള്‍ ഞങ്ങള്‍ ശക്തമായി നിഷേധിക്കുന്നു. നിഷ്പക്ഷമായും കൃത്യമായുമാണ് ഞങ്ങള്‍ കശ്മീരിലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് മാധ്യമങ്ങളെപ്പോലെ ഞങ്ങളും കശ്മീരില്‍ പല നിയന്ത്രണങ്ങള്‍ക്കിടയിലാണ് അവിടുത്തെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനിയും കശ്മീരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരും’ – ബി.ബി.സി ട്വിറ്റർ സന്ദേശത്തില്‍ അറിയിച്ചു.
കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ ശ്രീനഗറില്‍ പതിനായിരത്തിലേറെ പേര് പങ്കെടുത്ത പ്രതിഷേധറാലി നടന്നതായും ഇതിനെതിരെ സൈനികനടപടി ഉണ്ടായതായും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ബി.ബി.സിയും റിപ്പോർട്ട് ചെയ്തിരുന്നു. ഗ്രനേഡ്-പെല്ലറ്റ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് വെള്ളത്തിലേക്ക് ചാടേണ്ടിവന്നു എന്നും ദൃക്സാക്ഷിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
ഇാ റിപ്പോർട്ടിനെതിരെയാണ് മോദി സർക്കാർ രംഗത്തെത്തിയത്. വാര്‍ത്ത വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് കേന്ദ്രം ആരോപിച്ചു. 20 പേരില്‍ താഴെമാത്രമുള്ള ചെറിയ തോതിലുള്ള തെരുവ് പ്രക്ഷോഭങ്ങള്‍ മാത്രമാണ് നടന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് വസുധ ഗുപ്ത ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയുമായാണ് ബി.ബി.സി രംഗത്തെത്തിയത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി കശ്മീരില്‍ വ്യാപക തയാറെടുപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നടത്തിയിരുന്നത്. സൈനികവിന്യാസം നടത്തിയതോടൊപ്പം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇത് ഇപ്പോഴും പൂർവസ്ഥിതിയിലാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് സംബന്ധിച്ച് അവ്യക്തത നിലനില്ക്കുന്നു. കശ്മീര്‍ ശാന്തമെന്ന് വരുത്തിത്തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നതായ ആരോപണവും ഉയരുന്നുണ്ട്. അതേസമയം കശ്മീരില്‍ പ്രക്ഷോഭങ്ങള്‍ക്കെതിരെ ശക്തമായ സൈനിക അടിച്ചമര്‍ത്തല്‍ നടക്കുന്നു എന്ന റിപ്പോര്‍ട്ടില്‍ ബി.ബി.സി ഉറച്ചുനില്‍ക്കുന്നത് കേന്ദ്രത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്.