ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഗൗരവത്തിലെടുക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Saturday, August 17, 2019


സമാനതകളില്ലാത്ത പ്രകൃതിക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തില്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഗൌരവത്തിലെടുക്കാന്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആവര്‍ത്തിച്ചുണ്ടാകുന്ന പ്രളയത്തിന്‍റെയും ഉരുള്‍പൊട്ടലിന്‍റെയും പശ്ചാത്തലത്തില്‍ സമഗ്രമായ പഠനം നടത്തേണ്ടതുണ്ട്. ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിച്ച് സംസ്ഥാനത്ത് വരാന്‍ പോകുന്ന മഹാദുരന്തങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്നവര്‍ ഒരു പ്രാവശ്യമെങ്കിലും അത് വായിക്കാന്‍ തയാറാകണം. വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ പശ്ചിമഘട്ട മലനിരകളിലെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചും ജൈവവൈവിധ്യത്തെ കുറിച്ചും പഠിച്ച് സമര്‍പ്പിച്ചതാണീ റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി മലയോര മേഖലകളില്‍ താമസിക്കുന്ന പാവപ്പെട്ടവരെ കുടിയിറക്കരുതെന്ന ഉദ്ദേശത്തോടെയാണ് കഴിഞ്ഞ സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുള്ളത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറി മാഫിയെയോ റിസോര്‍ട്ട് ഉടമകളെയോ സഹായിക്കാന്‍ വേണ്ടിയല്ല യു.ഡി.എഫ് സര്‍ക്കാര്‍ നിലപാട് എടുത്തത്. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഇനിയൊരു കടന്നാക്രമണവും കയ്യേറ്റവും അനുവദിച്ചുകൂട. ഈ ആവാസവ്യവസ്ഥ മനുഷ്യന് മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ്.

ജൈവ വൈവിധ്യങ്ങളുടെ അപൂര്‍വ കലവറയാണ് പശ്ചിമഘട്ടം. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ ആറ് സംസ്ഥാനങ്ങളിലായി 1,600 കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന പശ്ചിമഘട്ട മലനിരകള്‍ നമ്മുടെ നാടിന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. കേരളത്തിന്‍റെ ഭാഗമായ  പശ്ചിമഘട്ട മലനിരകളില്‍ നിന്നുമാത്രം 44 നദികളാണ് ഉത്ഭവിക്കുന്നത്. നമ്മുടെ നാടിന്‍റെ സമൃദ്ധിയും പച്ചപ്പും പശ്ചിമഘട്ട മലനിരകളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇത് തകര്‍ക്കാനും ചൂക്ഷണം ചെയ്യാനും ആര്‍ക്കും അവകാശമില്ല.

വരുന്ന തലമുറയ്ക്ക്  ഒരു പരിക്കും കൂടാതെ ഇവ സംരക്ഷിച്ച് നിലനിര്‍ത്തുകയാണ് നമ്മുടെ ചുമതല. പ്രകൃതിയിലേക്ക് മടങ്ങുക, അത് നന്മയുടെ തുടക്കം ആയിരിക്കും എന്നാണ് ഗാന്ധിജി നമ്മെ പഠിപ്പിച്ചത്. നമ്മുടെ ആവശ്യത്തിനുള്ളത് പ്രകൃതി ഒരുക്കിയിട്ടുണ്ടെന്നും അത് അത്യാര്‍ത്തിക്ക് തികയില്ല എന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. കാല്‍പനിക മനസോടുകൂടിയാണ് പ്രകൃതി സ്നേഹിയായ നെഹ്രു പരിസ്ഥിതിയെ കുറിച്ച് പറഞ്ഞത്. സൈലന്‍റ് വാലിയിലെ നിത്യഹരിത വനങ്ങളിലും ജൈവ വൈവിധ്യങ്ങളിലും ഒരു പദ്ധതിയും അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെ നാം ഓര്‍ക്കണം. 1986 ല്‍ ഇന്ത്യക്ക് അനുയോജ്യമായ പരിസ്ഥിതി നിയമം നിര്‍മിച്ച രാജീവ് ഗാന്ധിയേയും നമുക്ക് മറക്കാന്‍ സാധ്യമല്ല. ഈ പാരമ്പര്യമൂല്യങ്ങളാണ് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.