‘നമ്മൾ മാറിയില്ലെങ്കിൽ ഹാഷ്ടാഗുകളിലെ പേരുകള്‍ മാത്രമേ മാറുകയുള്ളു’ ; വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, June 22, 2021

സ്ത്രീധനത്തിന്‍റെ പേരിൽ ഭർതൃവീടുകളിൽ ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് വിസ്മയ എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സഹിക്കാൻ കഴിയാത്ത പീഡനം അനുഭവിക്കുമ്പോഴും കുടുംബത്തിന്‍റെ അഭിമാനം കാക്കേണ്ട ബാധ്യതയായി  ദാമ്പത്യം മാറുകയാണെന്നും അളന്നു കൊടുക്കുന്ന പൊന്നല്ല, ആവോളം കൊടുക്കേണ്ട അറിവാണ് പെണ്മക്കളോടുള്ള ഉത്തരവാദിത്വം എന്ന് ഓരോ മാതാപിതാക്കളും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം

സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീടുകളിൽ ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ കേരളത്തിന് അപമാനമാണ്. പതിറ്റാണ്ടുകളായി നമ്മുടെ മനസ്സിൽ അടിഞ്ഞു കൂടിയിരിക്കുന്ന ദുരഭിമാനം തുടച്ചു കളയാതെ ഇതിനു ശാശ്വത പരിഹാരമില്ല. കല്യാണം കഴിപ്പിച്ചു അയക്കാൻ വേണ്ടി വളർത്തിയെടുത്ത ഉപകരണം പോലെയാണ് പലപ്പോഴും പെൺകുട്ടികളോടുള്ള നമ്മുടെ സമീപനം. ഈ ലോകത്തിന്റെ ശരി തെറ്റുകൾ മനസ്സിലാക്കുന്നതിനു മുന്നേ, സാമ്പത്തികമായി സ്വയം പര്യാപ്തമാവുന്നതിനു മുൻപേ അപരിചിതമായ ഒരു വീട്ടിലേക്കു പോവുന്ന അവൾ പിന്നീട് അവളുടെ ജീവിതം മുഴുവൻ സഹിക്കാനും ക്ഷമിക്കാനും വിധിക്കപ്പെട്ടവളാവുന്നു. സഹിക്കാൻ കഴിയാത്ത പീഡനം അനുഭവിക്കുമ്പോഴും കുടുംബത്തിന്റെ അഭിമാനം കാക്കേണ്ട ബാധ്യതയായി ആ ദാമ്പത്യം മാറുകയാണ്. അളന്നു കൊടുക്കുന്ന പൊന്നല്ല, ആവോളം കൊടുക്കേണ്ട അറിവാണ് പെണ്മക്കളോടുള്ള ഉത്തരവാദിത്വം എന്ന് ഓരോ മാതാപിതാക്കളും തിരിച്ചറിയണം. ഒരു വിവാഹം തെറ്റായ ഒരു തീരുമാനം ആയിരുന്നെങ്കിൽ അത് തിരുത്തുന്നവളോട് മുൻവിധിയില്ലാതെ ഇടപഴകുന്ന സമൂഹവും, ആത്മാഭിമാനത്തോടെ പടിയിറങ്ങാൻ സഹായിക്കുന്ന നിയമസംവിധാനവും വേണം. നമ്മൾ മാറിയില്ലെങ്കിൽ ഹാഷ്ടാഗുകളിലെ പേര് മാത്രമേ മാറുകയുള്ളുവെന്ന് മനസ്സിലാക്കണം.
ഇക്കാര്യത്തിൽ സർക്കാർ എടുക്കുന്ന ശരിയായ നടപടികളെ ഞങ്ങൾ പിന്തുണയ്ക്കും.
ഇനിയും വിസ്മയമാർ ഉണ്ടാവാതെയിരിക്കട്ടെ . മാപ്പ്, സോദരി!!