Zohran Mamdani quotes Nehru’s ‘Tryst with Destiny’ after winning| ‘നാം പഴമയില്‍ നിന്ന് പുതുമയിലേക്ക് കാല്‍വെച്ചു’; വിജയത്തിന് പിന്നാലെ നെഹ്റുവിന്റെ ‘ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗം ഉദ്ധരിച്ച് സോഹ്‌റാന്‍ മംദാനി

Jaihind News Bureau
Wednesday, November 5, 2025

 

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ സോഹ്‌റാന്‍ മംദാനി  വിജയ പ്രസംഗത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വിഖ്യാതമായ വാക്കുകള്‍ കടമെടുത്തു. നെഹ്‌റുവിന്റെ പ്രശസ്തമായ ‘ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗത്തിലെ ഭാഗം ഉദ്ധരിച്ചാണ് മംദാനി വിജയ പ്രസംഗം നടത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് മുസ്ലീം മതവിഭാഗത്തില്‍ നിന്നും ഒരാള്‍ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂയോര്‍ക്കില്‍ ഇതുവരെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ കൂടിയാണ് മംദാനി.

ആവേശഭരിതരായ ആയിരക്കണക്കിന് അണികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് 34-കാരനായ സോഹ്‌റാന്‍ മംദാനി നെഹ്‌റുവിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചത്. ‘നിങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍, ഞാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഓര്‍ക്കുന്നു’ചരിത്രത്തില്‍ അപൂര്‍വമായി വരുന്ന ഒരു നിമിഷമുണ്ട്, അപ്പോള്‍ നാം പഴയതില്‍ നിന്ന് പുതിയതിലേക്ക് ചുവടുവെക്കുന്നു, ഒരു യുഗം അവസാനിക്കുകയും, ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യത്തിന്റെ ആത്മാവ് അതിന്റെ ശബ്ദം കണ്ടെത്തുകയും ചെയ്യുന്നു.’ ഇന്നിവിടെ, ന്യൂയോര്‍ക്ക് അത് തന്നെ ചെയ്തിരിക്കുന്നു, നമ്മള്‍ പഴയതില്‍ നിന്ന് പുതിയതിലേക്ക് ചുവടുവെച്ചിരിക്കുന്നു.’

1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ തലേ ദിവസമാണ് നെഹ്‌റു ഈ ചരിത്രപ്രധാനമായ പ്രസംഗം നടത്തിയത്. രാഷ്ട്രീയ രംഗത്തെ പഴയ പ്രതാപങ്ങളെ തകര്‍ത്തെറിഞ്ഞ് തന്റെ വിജയം ന്യൂയോര്‍ക്കിന് ഒരു പുതിയ പ്രഭാതമാണ് നല്‍കുന്നതെന്ന് പ്രഖ്യാപിക്കാന്‍ നെഹ്‌റുവിന്റെ വാക്കുകള്‍ മംദാനിയെ സഹായിച്ചു.

പ്രമുഖ സംവിധായിക മീരാ നായരുടെയും അക്കാദമിക് വിദഗ്ദ്ധന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ് ഉഗാണ്ടയില്‍ ജനിച്ച സോഹ്‌റാന്‍ മംദാനി. വിജയപ്രസംഗം അവസാനിച്ചതും സദസ്സിനെ ആവേശത്തിലാക്കി ബോളിവുഡ് ഹിറ്റ് ഗാനമായ ‘ധൂം മച്ചാലെ’ മുഴങ്ങിയതും വാര്‍ത്തയായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയും ശക്തമായ ഭാഷയില്‍ മംദാനി പ്രതികരിച്ചു. ‘ഡൊണാള്‍ഡ് ട്രംപ്, താങ്കള്‍ ഇത് കാണുന്നുണ്ടെന്ന് എനിക്കറിയാം, എനിക്ക് താങ്കളോട് നാല് വാക്കുകള്‍ പറയാനുണ്ട്, ശബ്ദം കൂട്ടിവെക്കുക!’ മംദാനി പറഞ്ഞു.