ന്യൂഡല്‍ഹി : ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളിച്ച പെണ്‍കുട്ടികളെ വീടൊഴിപ്പിച്ചു. ജീവന്‍ പണയം വെച്ചായിരുന്നു ആ സമയം കഴിച്ചുകൂട്ടിയതെന്നും ഇവര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം വിശദീകരിക്കുന്നതിന്‍റെ ഭാഗമായി വീട് കയറിയുള്ള പ്രചരണത്തിന് എത്തിയപ്പോഴായിരുന്നു അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളികള്‍ ഉയർന്നത്.
മലയാളി അഭിഭാഷകയായ സൂര്യയും സുഹൃത്ത് ഹരിണയുമായിരുന്നു അമിത് ഷായ്ക്കെതിരെ ആദ്യം ഗോ ബാക്ക് വിളിച്ചത്. ഇതിന് പിന്നാലെ നിരവധി പേര്‍ ഗോ ബാക്ക് വിളിക്കുകയായിരുന്നു. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ലജ്പത് നഗറില്‍ അമിത് ഷായ്ക്ക് നേരെ തന്നെ ഉയർന്ന മുദ്രാവാക്യം ബി.ജെ.പിക്ക് നാണക്കേടുണ്ടാക്കുന്നതായിരുന്നു. തെരഞ്ഞെടുത്ത മൂന്നു വീടുകളിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രചാരണം. ഒരു വീട്ടിൽ പ്രചാരണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് അടുത്ത വീട്ടിന്‍റെ മുകളിലത്തെ നിലയിൽ നിന്ന് കൊല്ലം സ്വദേശിയായ അഭിഭാഷക സൂര്യയും സുഹൃത്ത് ഹരിണയും അമിത് ഷായ്ക്കെതിരെ അപ്രതീക്ഷിതമായ മുദ്രാവാക്യം വിളി തുടങ്ങിയത്. ‘ഷെയിം ഷാ’ എന്ന് ബാനർ വീടിന് മുകളില്‍ നിന്ന് താഴേക്ക് പ്രദർശിപ്പിക്കുകയും ചെയ്തു.
‘പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശമാണ് ഞങ്ങൾ ഉപയോഗിച്ചത്. ഒരു സാധാരണ പൗരനെന്ന നിലയിൽ, എന്‍റെ വിയോജിപ്പ് ആഭ്യന്തരമന്ത്രിയുടെ മുന്നിൽ തന്നെ പ്രകടിപ്പിക്കുന്നതിനുള്ള അവസരമായിരുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ എന്‍റെ മനസാക്ഷിയുടെ മുന്നില്‍ പരാജയപ്പെടുമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു’ – സൂര്യ പറഞ്ഞു.
സൂര്യയ്ക്കും സുഹൃത്തിനുമെതിരെ ബി.ജെ.പി പ്രവർത്തകർ തിരിച്ച് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ വീട്ടിന്‍റെ ഉടമസ്ഥൻ ബാനർ നീക്കി. വീടിന് മുൻപിൽ പൊലീസ് നിലയുറപ്പിച്ചു.
‘ഞങ്ങളുടെ അപ്പാർട്ട്മെന്‍റിന് താഴെയുള്ള തെരുവിൽ 150 ഓളം വരുന്ന ഒരു സംഘം തടിച്ചുകൂടി. പ്രതിഷേധ ബാനർ വലിച്ചുകീറി. വീടിന്‍റെ വാതില്‍ തുറക്കാന്‍ ആക്രോശിക്കുകയും അകത്തേക്ക് കടത്തിയില്ലെങ്കിൽ വാതിൽ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞങ്ങളുടെ ജീവിതത്തെയും സുരക്ഷയെയും ഭയന്ന് വീടിന്‍റെ വാതില്‍ പൂട്ടി. അവർ വാതിലില്‍ അക്രമാസക്തമായി ആഞ്ഞടിക്കുകയും പോലീസ് ഇടപെടുന്നതുവരെ ആക്രോശിക്കുകയും ചെയ്തു’ – സൂര്യ പറഞ്ഞു.
സംഭവത്തിന് പിന്നാലെ വീടൊഴിയണമെന്ന് പെണ്‍കുട്ടികളോട് വീട്ടുടമസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടികള്‍ എവിടെ നിന്നുള്ളവരാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു വീട്ടുടമസ്ഥന്‍റെ പ്രതികരണം. ഇവർ മുകളിലത്തെ നിലയില്‍ താമസിക്കുന്നത് എല്ലാവർക്കും ബുദ്ധിമുട്ടാണെന്നും അതുകൊണ്ടാണ് വീടൊഴിപ്പിച്ചതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വീട്ടുടമസ്ഥന്‍ പറഞ്ഞു.