ഭീകരവാദത്തെ വീണ്ടും പരസ്യമായി പിന്തുണച്ച് പാകിസ്ഥാൻ. പുൽവാമ ആക്രമണത്തിന് ജെയ്ഷ് ഇ മുഹമ്മദിന് പങ്കുണ്ടെന്നതിന് തെളിവില്ലെന്ന് പാക് വിദേശ കാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി. ഇതുസംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുവെന്നും ഷാ മഹമൂദ് ഖുറേഷി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറെന്നും പാകിസ്ഥാൻ അറിയിച്ചു. എന്നാൽ പാകിസ്ഥാൻ ഭീകരവാദത്തിനെതിരെ നടപടിയെടുക്കുന്നത് വരെ ചർച്ചയ്ക്കില്ലെന്ന് ഇന്ത്യ നിലപാട് അറിയിച്ചു.
പുൽവാമ ഭീകരാക്രമണത്തിൽ നിലപാട് മാറ്റി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷ് ഇ മുഹമ്മദിന് ഇതിൽ പങ്കില്ലെന്ന നിലപാടിലാണ് ഇപ്പോള് പാകിസ്ഥാൻ എത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജയ്ഷ് ഇ മുഹമ്മദിനോട് സംസാരിച്ചിരുന്നതായും പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. ഭീകരതയ്ക്കെതിരെ ചെറുവിരൽ പോലും അനക്കാൻ പാകിസ്ഥാൻ തയാറാവില്ല എന്നതിന്റെ സൂചനയാണ് ഇതിലൂടെ വ്യക്തമാവുന്നത്.
ജയ്ഷ് ഇ മുഹമ്മദിന് ആക്രമണത്തിൽ പങ്കുണ്ടോയെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ലെന്നാണ് പാകിസ്ഥാൻ മുന്നോട്ടുവെക്കുന്ന വാദം. അതേസമയം ഇന്ത്യയുമായിമധ്യസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ചയ്ക്ക് തയാറാണെന്നും പാകിസ്ഥാൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ പാകിസ്ഥാൻ ഭീകരതക്കെതിരെ നടപടിയെടുക്കുന്നത് വരെ ചർച്ചയ്ക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചർച്ചയ്ക്കുള്ള ക്ഷണമാണ് ഇന്ത്യ തള്ളിയത്. ഭീകരതക്കെതിരെ പാക് നടപടിയെടുക്കുന്നതുവരെ അതിർത്തിയിലെ നടപടികൾ തുടരുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്റെ പുതിയ പ്രസ്താവന കൂടി പുറത്തുവന്നതോടെ ഇന്ത്യ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് സാധ്യത.