ന്യൂഡല്‍ഹി : ലോക്‌സഭയിൽ നാടകം കളിച്ച് ബി.ജെ.പി. രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി നൽകാൻ കഴിയാതെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. രാഹുൽ ഗാന്ധി പ്രസംഗിക്കുന്നതിനിടെ, കേന്ദ്രമന്ത്രി പ്രസ്താവന വായിക്കാൻ ആരംഭിച്ചത് ബഹളത്തിൽ കലാശിച്ചു.
വയനാട്ടിൽ മെഡിക്കൽ കോളേജ് വരേണ്ടതിന്‍റെ ആവശ്യകതയാണ് രാഹുൽ സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചത്. രാഹുലിന്‍റെ ചോദ്യത്തിന് മറുപടി പറയേണ്ടതിന് പകരം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ മറ്റ് കാര്യങ്ങളാണ് പറയാൻ ശ്രമിച്ചത്. രാഹുലിന്‍റെ പ്രസംഗത്തെ തടഞ്ഞ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങളെക്കുറിച്ചായിരുന്നു മന്ത്രിയുടെ വാചകക്കസർത്ത്. ചോദ്യത്തോര വേളയിൽ അംഗങ്ങൾ ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അംഗങ്ങൾ ചെയ്യേണ്ടത്. പൊതുവിഷയങ്ങൾ അവിടെ പരമാർശിക്കാറില്ല. അതിനാൽ രാഷ്ട്രീയ പ്രസ്താവന സഭയിൽ നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ് കോൺഗ്രസ് നിരയിൽ നിന്ന് ഹൈബി ഈഡൻ, മാണിക്കാ ടഗോർ എന്നിവർ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് ബി.ജെ.പി എം.പി മാരും നടുത്തളത്തിലിറങ്ങി. ഇതോടെ സഭയിൽ ബഹളമായി.
മറ്റാരുടെയോ നിർദേശ പ്രകാരമാണ് മന്ത്രി ഹർഷവർധൻ സഭയിൽ അങ്ങനെ പെരുമാറിയതെന്നും കോൺഗ്രസ് എം.പിമാരെ ബി.ജെ.പി അംഗങ്ങൾ ആക്രമിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള തന്ത്രങ്ങളെ കുറിച്ച് പ്രധാനമന്ത്രിക്ക് ഒന്നുമറിയില്ലെന്ന് യുവജനതയ്ക്ക് ബോധ്യമായിട്ടുണ്ട്. താൻ സർക്കാരിനെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനും പ്രധാനമന്ത്രിയെ സംരക്ഷിക്കാനും സഭയില്‍ സംഘർഷമുണ്ടാക്കുകയല്ലാതെ ബി.ജെ.പിയുടെ മുന്നില്‍ മറ്റ് വഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബി.ജെ.പി ആസൂത്രണം ചെയ്തത് പ്രകാരമാണ് അവർ സഭയിൽ സംഘർഷമുണ്ടാക്കിയത്. താന്‍ ലോക്സഭയില്‍ സംസാരിക്കുന്നത് തടസപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. തൊഴിൽ ലഭ്യമായില്ലെങ്കിൽ ആറുമാസത്തിനുള്ളിൽ യുവാക്കൾ വടിയെടുത്ത് പ്രധാനമന്ത്രിയെ അടിക്കുമെന്നായിരുന്നു രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന.