വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ വന്‍ ഉരുൾപൊട്ടൽ; നിരവധി പേര്‍ മണ്ണിനടിയിൽപ്പെട്ടതായി സംശയം

Jaihind News Bureau
Thursday, August 8, 2019

വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ വന്‍ ഉരുൾപൊട്ടലിൽ 40 ഓളം പേർ മണ്ണിനടിയിൽപ്പെട്ടതായി സംശയം. കേന്ദ്ര ദുരന്തനിവാരണ സേന പുത്തു മലയിലേക്ക് തിരിച്ചു. പ്ലാന്‍റേഷന്‍ തൊഴിലാളികൾ അടക്കം താമസിക്കുന്ന പാടികളുടെ മുകളിൽ നിന്നാണ് ഉരുൾപൊട്ടി വന്നതെന്നാണ് പ്രാഥമിക വിവരം. പ്രദേശത്തേക്കുള്ള വഴി ഇപ്പോൾ പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ അപകടം നടന്ന സ്ഥലത്തേക്ക് ആര്‍ക്കും എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ്.

മൂന്നു പേരെ രക്ഷപ്പെടുത്തിയതായും ഒരു എസ്റ്റേറ്റ് പാടി, മുസ്‌ലിം പള്ളി, ക്ഷേത്രം എന്നിവ പൂർണമായും മണ്ണിനടിയിലായതായും റിപ്പോര്‍ട്ടുണ്ട്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. വൈകിട്ട് നാലോടെയാണ് എസ്റ്റേറ്റ് മേഖലയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

കനത്ത മഴയില്‍ പൊടുന്നനെ വന്‍ ശബ്ദത്തോടെ വലിയ മലമ്പ്രദേശമാകെ ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ദുരന്തസമയത്ത് എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും നിരവധി പേരുണ്ടായിരുന്നതായാണ് വിവരം. ശക്തമായ വെള്ളത്തിൽപ്പെട്ട് ഒഴുകിയെത്തിയ 3 പേരെ നാട്ടുകാരാണു രക്ഷപ്പെടുത്തിയത്. തകർന്ന കെട്ടിടത്തിനുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

രക്ഷാപ്രവർത്തകർക്ക് ഇവിടെ എത്തിച്ചേരാൻ എത്തിച്ചേരാൻ സാധിച്ചിട്ടില്ല. അതേസമയം ഉരുൾപൊട്ടലിനെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കി. വഴിയിൽ ഏറെ തടസ്സങ്ങളുണ്ട്. രക്ഷാപ്രവർത്തനത്തിന് അടിയന്തര സഹായമെത്തിക്കുമെന്നും റവന്യുമന്ത്രി പറഞ്ഞു. മഴദുരിതത്തിൽ രക്ഷാപ്രവർത്തനത്തിന് സംസ്ഥാനം സൈന്യത്തിന്‍റെ സഹായം തേടിയിട്ടുണ്ട്. കേന്ദ്ര ദുരന്തനിവാരണ സേന പുത്തു മലയിലേക്ക് തിരിച്ചു.

teevandi enkile ennodu para