ദേശീയപാതാ സമരം: രാഹുല്‍ ഗാന്ധി സമരപ്പന്തല്‍ സന്ദര്‍ശിച്ചു; ശക്തമായ ഇടപെടല്‍ നടത്തുമെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Friday, October 4, 2019

ദേശീയ പാത 766 ലെ ഗതാഗത നിരോധന വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് രാഹുൽ ഗാന്ധി. ബത്തേരിയിലെ അനിശ്ചിതകാല നിരാഹാര സമരപ്പന്തൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിനോട് കേന്ദ്ര – കർണാടക സർക്കാരുകൾക്ക് പ്രത്യേക വിദ്വേഷം പാടില്ലെെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പട്ടു. രാത്രിയാത്രാ നിരോധന വിഷയത്തിൽ കേരളത്തിൽ രാഷ്ട്രീയ തർക്കമില്ല. രാജ്യത്ത് മറ്റിടത്തും ഇത്തരം വിഷയങ്ങളിൽ പരിഹാരം ഉണ്ടായിട്ടുണ്ടെന്നും പ്രശ്ന പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും രാഹുൽ ഗാന്ധി എം.പി പറഞ്ഞു.

ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനത്തിനെതിരെ സുൽത്താൻ ബത്തേരിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന യുവജന സംഘടനാ നേതാക്കളെ രാഹുൽ ഗാന്ധി സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചു. സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെയാണ് രാഹുൽ ഗാന്ധി പിന്തുണയുമായെത്തിയത്. ആശുപത്രിയിൽ കഴിയുന്ന നേരത്തെ സമരം നടത്തിയ നേതാക്കളെയും അദ്ദേഹം സന്ദർശിച്ചു. രാത്രിയാത്രാ നിരോധനത്തിനെതിരെ സമരം നടത്തുന്ന യുവാക്കൾ വയനാടിന്‍റെ മുഴുവന്‍ പ്രതിനിധികളാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യാത്രാ നിരോധന വിഷയത്തിൽ രാഷ്ട്രീയ തർക്കമില്ല. പ്രശ്ന പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. രാജ്യത്ത് മറ്റിടത്തും ഇത്തരം വിഷയങ്ങളിൽ പരിഹാരം ഉണ്ടായിട്ടുണ്ടെെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയിൽ ഇതിനായി പ്രമുഖ അഭിഭാഷകരെ രംഗത്തിറക്കും. വയനാടിനോട് കേന്ദ്ര – കർണാടക സർക്കാരുകൾക്ക് പ്രത്യേക വിദ്വേഷം പാടില്ലെന്നും രാഹുൽ ഗാന്ധി എം.പി പറഞ്ഞു.

യാത്രാ നിരോധനം ജനങ്ങളെ ഒറ്റപ്പെടുത്തുന്നതാണെെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും ചെന്നിത്തല പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.കെ രാഘവൻ എം.പി, പി.സി വിഷ്ണുനാഥ്, ഐ.സി ബാലകൃഷ്ണൻ എം.എല്‍.എ, എ.പി അനില്‍കുമാര്‍ എം.എല്‍.എ,  ടി സിദ്ദിഖ് തുടങ്ങിയവർ രാഹുൽ ഗാന്ധിക്കൊപ്പം സമരപ്പന്തലിലെത്തി.