വയനാട് ദുരന്തം; ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിച്ചു, ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി

 

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള പ്രത്യേക സംഘത്തിന്‍റെ തിരച്ചിലിൽ ഇന്ന് ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി. ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെയുള്ള സ്ഥലങ്ങളിലായിരുന്നു തിരച്ചിൽ.

ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള ഊർജിതമായ തിരച്ചിൽ അവസാനിച്ചു 10 ദിവസം പിന്നിടുമ്പോഴാണ് ഇന്ന് തിരച്ചിൽ പുനരാരംഭിച്ചത്. രാവിലെ ആറുമണിക്ക് തന്നെ എൻഡിആർഎഫ്/ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് / അഗ്നിരക്ഷസേന / ചാമ്പ്യൻസ് ക്ലബ് പ്രവർത്തകർ എന്നിവരുടെ പ്രത്യേകസംഘം ആനടിക്കാപ്പിൽ തിരച്ചിൽ ആരംഭിച്ചു. 11 മണിയോടെ മേഖലയിൽ നിന്ന് അസ്ഥിഭാഗവും മുടിയുമടക്കം 6 ശരീരഭാഗങ്ങൾ ലഭിച്ചു. സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും.

ദുരന്തമുണ്ടായ ശേഷം ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ലഭിച്ച സ്ഥലങ്ങളിൽ ഒന്നാണ് സൂചിപ്പാറ – ആനടിക്കാപ്പ് മേഖല. ഇന്നത്തെ തിരച്ചിൽ ഫലം വിലയിരുത്തിയ ശേഷമാകും പ്രത്യേക സംഘവുമായി ഉള്ള തിരച്ചിൽ തുടരണമോ എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

Comments (0)
Add Comment