തിരുവനന്തപുരം: കേരളം നടുങ്ങിയ വയനാട് ദുരന്തത്തിന്റെ പേരില്‍ കടുംവെട്ട് നടത്തിയ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്. ദുരന്തത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച കണക്കുകളെ ചൊല്ലിയുള്ള വിവാദ പശ്ചാത്തലത്തില്‍ ചെലവുകള്‍ പുറത്തുവിടാന്‍ സര്‍ക്കാറിന് മേല്‍ സമ്മര്‍ദമേറുകയാണ്. പ്രതീക്ഷിക്കുന്നതും തുടര്‍ചെലവുകളും ഉള്‍പ്പെടുമെന്നതിനാല്‍ ഫലത്തില്‍ യഥാര്‍ഥ ചെലവല്ല മെമ്മോറാണ്ടത്തിലേതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
എന്നാല്‍ അവിശ്വസനീയ കണക്ക് പുറത്തിറക്കിയ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കണക്കുകളുടെ വിശ്വാസ്യത പ്രതിപക്ഷം ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് രക്ഷാദൗത്യത്തിനും താല്‍ക്കാലിക പുനരധിവാസത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുമെല്ലാം സര്‍ക്കാര്‍ ഇതിനകം ചെലവഴിച്ച തുക പുറത്തുവിടണമെന്ന ആവശ്യമുയരുന്നത്. സിഎംഡിആര്‍എഫ് പോര്‍ട്ടലിലെ കണക്ക് പ്രകാരം വയനാടിനായി ഇതുവരെ ലഭിച്ചത് 379.04 കോടി രൂപയാണ്. എന്നാല്‍, ചെലവഴിച്ച കണക്കൊന്നും പോര്‍ട്ടലില്‍ ഇല്ല. ചെലവഴിക്കല്‍ കോളത്തില്‍ ഇപ്പോഴും ‘0’ എന്നാണുള്ളത്. അതെ സമയം 2018 ലെയും 2019 ലെയും പ്രളയ ദുരിതാശ്വാസത്തിന് 4970.29 കോടി ലഭിച്ചതായും 4738.77 കോടി ചെലവഴിച്ചതായും കാണിക്കുന്നുണ്ട്.
സര്‍ക്കാരിന്റെ ഈ കണക്ക് ദുരിതാശ്വാസത്തിന്റെ തന്നെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. സാധാരണക്കാരന്റെ യുക്തിക്ക് പോലും നിരക്കാത്ത കണക്ക് മെമ്മോറാണ്ടം പരിശോധിക്കുന്ന കേന്ദ്ര ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുക്കുമോ എന്നും സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിന് തയാറാകണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.