‘വയനാട് ദുരന്തം അനധികൃത കയ്യേറ്റവും ഖനനവും മൂലം’: സംസ്ഥാന സർക്കാരിന്‍റെ പിടിപ്പുകേടെന്ന് കേന്ദ്ര വനം മന്ത്രി

 

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവ്. അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിന്‍റെ ദുരന്തമാണു വയനാട് നേരിടുന്നതെന്ന് ഭൂപേന്ദർ യാദവ് കുറ്റപ്പെടുത്തി.

‘‘സംസ്ഥാന സർക്കാരിന്‍റെ പിടിപ്പുകേടാണെന്നാണ് ഞങ്ങൾക്കു തോന്നുന്നത്. ഇവിടെ അനധികൃത കയ്യേറ്റവും ഖനനവും നടക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങൾ ഇത്തരം പ്രവൃത്തികള്‍ക്ക് നിയമവിരുദ്ധ സംരക്ഷണം നൽകി. വളരെ സെൻസിറ്റീവായ പ്രദേശത്തിന് ആ പ്രാധാന്യം നൽകിയില്ല. നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുള്ള ഖനനവും മണ്ണെടുപ്പും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്’’ – ഭൂപേന്ദർ യാദവ് പറഞ്ഞു.

വിഷയം പഠിക്കാൻ കേന്ദ്രം ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.  മുൻ ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് സംസ്ഥാനത്തിന്‍റെ റിപ്പോർട്ട് നല്‍കണം. എന്നാല്‍ ദീർഘനാളുകളായി ഈ കമ്മിറ്റിയെ സംസ്ഥാന സർക്കാർ ഒഴിവാക്കിയെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പരിസ്ഥിതിലോല മേഖലകള്‍ക്കായി കേരള സർക്കാർ ഒരു പദ്ധതി തയാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ ഏജൻസിയായ എഎന്‍ഐയോടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

Comments (0)
Add Comment