വയനാട് ദുരന്തം; ആറാം നാളിലേക്ക്, കൂടുതൽ റഡാറുകളെത്തിച്ച് തിരച്ചിൽ ശക്തിപ്പെടുത്തും

 

മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലാണു തിരച്ചിൽ. ചാലിയാറിൽ രണ്ടു ഭാഗങ്ങളിലായാണു തിരച്ചിൽ നടക്കുന്നത്. ചാലിയാറിലെ തിരച്ചിലും നാളെ അവസാനിപ്പിക്കുമെന്നാണു വിവരം. ഒരു സേവർ റഡാറും, നാല് റെക്കോ റഡാറുക‌ളും ഇതിനായി ഇന്ന് ദുരന്തമുഖത്ത് എത്തിക്കും. ഉരുൾപൊട്ടലിൽ കാണാതായ 206 പേർക്കായാണ് ഇനി തിരച്ചിൽ ശക്തിപ്പെടുത്തുക.

അതിനിടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 365 ആയി ഉയർന്നു. ഇന്നലെ 12 മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയ മലപ്പുറത്തെ ചാലിയാർ പുഴയുടെ വിവിധ ഭാ​ഗങ്ങളിലും തിരച്ചിൽ വ്യാപകമാക്കും. ചാലിയാറിൽനിന്ന് ഇതുവരെ 205 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു ബന്ധുക്കൾക്ക് കൈമാറി. ഇനി 206 പേരെയാണു കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്ക്കരിക്കും. സർവമത പ്രാർഥനയോടെ ആയിരിക്കും സംസ്കാരം നടത്തുക. മേപ്പാടിക്ക് സമീപമുള്ള സ്ഥലങ്ങളിൽ സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും എതിർപ്പ് ഉയർന്നിരുന്നു. ഹാരിസൺസ് മലയാളം ലിമിറ്റഡ് ഭൂമി നൽകാൻ സന്നദ്ധ അറിയിച്ചിട്ടുണ്ട്. 93 ദുരിതാശ്വാസ ക്യാംമ്പുകളിലായി 10,042 പേരാണ് കഴിയുന്നത്.

രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കൈയിലെത്തുന്ന സന്നദ്ധപ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനായി ചൂരൽമല കൺട്രോൾ റൂമിന് സമീപത്ത് പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ട്. ടീം ലീഡറുടെ പേരും വിലാസവും നൽകിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. വിലപിടിപ്പുള്ള വസ്തുക്കൾ കൺട്രോൾ റൂമിൽ എത്തിക്കണമെന്നും നിർദേശമുണ്ട്.

Comments (0)
Add Comment