വയനാട് പുനരധിവാസം; സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത് 500 കോടി; ലഭിച്ചത് 41 കോടി മാത്രം

തിരുവനന്തപുരം : വയനാട് പുനരധിവാസത്തിനായി സാലറി ചലഞ്ചിലൂടെ 500 കോടി രൂപ സ്വരൂപിക്കാനുളള സര്‍ക്കാരിന്റെ കണക്കുക്കൂട്ടലുകള്‍ക്ക് കടിഞ്ഞാണിട്ട് ജീവനക്കാര്‍. സാലറി ചലഞ്ചിനായി തുറന്ന സിഎംഡിആര്‍എഫ് വയനാട് എന്ന ട്രഷറി അക്കൗണ്ടിലേക്ക് ഇതുവരെ കിട്ടിയത് 41.2 കോടി രൂപ മാത്രമാണ്. ട്രഷറിയാണ് ഇതു സംബന്ധിച്ച രേഖകള്‍ പുറത്തു വിട്ടത്.

ലീവ് സറണ്ടര്‍ ചെയ്തും, പിഎഫ് വായ്പയുടെ തുകയില്‍ നിന്നും 5 ദിവസത്തെ ശമ്പളം നല്‍കിയതെല്ലാം കൂട്ടിയാണ് ഈ 41.2 കോടി രൂപ. സാമ്പത്തിക പ്രതിസന്ധി കാരണം ലീവ് സറണ്ടര്‍ ചെയ്ത് പണമാക്കാന്‍ അനുമതിയില്ലാതിരുന്ന സാഹചര്യത്തില്‍ സാലറി ചലഞ്ച് ചെയ്യാന്‍ മാത്രം ഇക്കാര്യത്തില്‍ ഇളവ് നല്‍കിയത് സര്‍ക്കാരിന് തിരിച്ചടിയായി. അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ കണക്കില്‍ അധികവും ലീവ് സറണ്ടര്‍ പ്രയോജനപ്പെടുത്തിയതായാണ് കാണുന്നത്.

സാലറി ചലഞ്ചില്‍ 5 ദിവസത്തില്‍ കുറയാത്ത ശമ്പളമാണ് ജീവനക്കാര്‍ നല്‍കേണ്ടത്. ഓഗസ്റ്റിലെ ശമ്പളത്തില്‍ നിന്ന് ഒരു ദിവസത്തെയും അടുത്തമാസങ്ങളില്‍ രണ്ട് ദിവസത്തെയും ശമ്പളം വീതം പരമാവധി മൂന്ന് ഗഡുക്കളായി നല്‍കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ 5 ദിവസത്തെ ശമ്പളം മുഴുവന്‍ ലീവ് സറണ്ടറായി ഒറ്റ ഗഡുവായി ജീവനക്കാര്‍ അടച്ചു. ഇനി അക്കൗണ്ടിലേക്ക് വരാനുള്ളത് ലീവ് സറണ്ടറും പിഎഫും പ്രയോജനപ്പെടുത്താത്തവരുടെ തുകയാണ്. ഈ കണക്കുകള്‍ പ്രകാരം 4 ദിവസത്തെ ശമ്പളം അടുത്ത രണ്ട് മാസങ്ങളില്‍ ലഭിച്ചാല്‍ പോലും പ്രതീക്ഷിച്ച തുക കിട്ടില്ല.

Comments (0)
Add Comment