വയനാട് ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത ദുരന്തം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി നില്‍ക്കണം; രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ കേരളത്തിന്‍റെ ചരിത്രത്തിൽ സംഭവിച്ചിട്ടുള്ളതിൽ സമാനതകളില്ലാത്ത ദുരന്തമെന്ന് രമേശ് ചെന്നിത്തല. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്നു പുലർച്ചെയാണ് ദുരന്തം സംഭവിച്ചത്. ദുരന്തം നടന്ന് 12 മണിക്കൂർ പിന്നിടുമ്പോഴും അതിന്‍റെ വ്യാപ്തിയെക്കുറിച്ചു വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ പരിശോധിക്കുമ്പോൾ ചരിത്രത്തിലെ ഏറ്റവും ബൃഹത്തും ഭയാനകവും വേദനാജനകവുമായ പ്രകൃതി ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഈ ദുരന്തത്തിനിരയായ സഹോദരങ്ങൾക്കു സാധ്യമായ മുഴുവൻ സഹായങ്ങളും എത്തിച്ചുകൊടുക്കാൻ നമ്മളെല്ലാവരും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ട സമയമാണിത്. 2018ലെയും 19ലെയും പ്രളയ ദുരന്തങ്ങളിൽ കൈമെയ് മറന്ന് ഏകമനസോടെ നമ്മളെല്ലാവരും പ്രവർത്തിച്ചതിന്‍റെ ഫലമാണ് ഇന്നു കാണുന്ന കേരളം. സമാന രീതിയിൽ ലോകം മുഴുവനുള്ള മലയാളികൾ ഒന്നിച്ചുനിന്ന് തകർന്ന വയനാടിനെ വീണ്ടെടുക്കണമെന്നും വയനാട്ടിൽ സംഭവിച്ച ദുരന്തം ദേശീയ ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഏതുതരത്തിലുള്ള ഭിന്നതകളും മാറ്റിവച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സാധ്യമായ സഹായങ്ങൾ നൽകണം. സ്വത്തിനും ജീവനും മാത്രമല്ല, പിന്നാക്ക ജില്ലയായ വയനാടിന്‍റെ അടിസ്ഥാന സൗകര്യങ്ങളെല്ലാം താറുമാറായി. തകർന്നു പോയ റോഡുകളുടെയും വാർത്താ വിനിമയ സൗകര്യങ്ങളുടെയും വൈദ്യുത വിതരണത്തിന്‍റെയും വീണ്ടെടുക്കലിന് സൈനിക സഹായം ലഭ്യമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Comments (0)
Add Comment