വയനാട് ഉരുള്‍പൊട്ടല്‍; കഴുത്തോളം ചെളിയില്‍ പുതഞ്ഞ് ഒരു ജീവന്‍, രക്ഷാകരങ്ങള്‍ ഇനിയും അകലെ

 

വയനാട്: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയിൽ ചെളിയില്‍ പുതഞ്ഞു കിടക്കുന്ന ആളെ രക്ഷിക്കാൻ ശ്രമം. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുകയാണ്. ശരീരത്തിന്‍റെ പകുതിയോളം ചെളിയില്‍ പുതഞ്ഞ് കിടക്കുന്ന നിലയിലാണ് ആള് കുടുങ്ങികിടക്കുന്നത്. രക്ഷപ്പെടുത്താൻ വിളിച്ചുപറയുന്നുണ്ടെങ്കിലും അടുത്തേക്ക് ആര്‍ക്കും എത്താനായിട്ടില്ല.

സ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തകരും പുറപ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മല, മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഇവിടേക്ക് ആളുകള്‍ക്ക് എത്താനാകുന്നില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം രാഘവൻ പറഞ്ഞു. നിരവധി വീടുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണിപ്പോള്‍ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുന്നത്. ഇതിനിടയിലാണ് ഒരാള്‍ കുടുങ്ങിയിരിക്കുന്നത്. പ്രദേശത്തുള്ളവര്‍ ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതും മലവെള്ളപ്പാച്ചില്‍ തുടരുന്നതും തടസമായിരിക്കുകയാണ്. പാറക്കെട്ടില്‍ പിടിച്ചുനില്‍ക്കാൻ ആളുകള്‍ വിളിച്ചുപറയുന്നുണ്ട്.

വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 47 ആയി. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ മുണ്ടക്കൈ ടൗണിൽ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു.

Comments (0)
Add Comment