സങ്കടക്കാഴ്ചയായി വയനാട്; മരണം 63 ആയി, രക്ഷാപ്രവർത്തനത്തിന് സെെന്യം വയനാട്ടില്‍

 

വയനാട്: വയനാട്ടിലെ  ഉരുള്‍പൊട്ടലില്‍ 63 പേര്‍ മരിച്ചു. ഒട്ടേറെപേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. 43 മൃതദേഹങ്ങള്‍ മേപ്പാടിയിലെ ആശുപത്രികളിലെത്തിച്ചു. പതിനെട്ടുപേരെ തിരിച്ചറിഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ രണ്ട് കുട്ടികളുടേത് ഉള്‍പ്പെടെ 8 മൃതദേഹങ്ങള്‍. നിലമ്പൂര്‍ പോത്തുകല്ലില്‍ ചാലിയാറിലൂടെ ഒഴുകിയെത്തിയത് 20 മൃതദേഹങ്ങളാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ചൂരല്‍മലയിലെത്തി. ഹെലികോപ്റ്ററുകള്‍ വീണ്ടും ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കും. പ്രതികൂല കാലാവസ്ഥമൂലം ആദ്യശ്രമം പരാജയപ്പെട്ടിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ മുണ്ടക്കൈ ടൗണിൽ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു. നിരവധി പേർക്ക് പരുക്കേറ്റു. 2019-ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയ്‌ക്കു സമീപമാണ് ചൂരൽമലയും മുണ്ടക്കൈയും. നിലവിൽ അഗ്നിരക്ഷ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുൾപ്പെടുന്ന 250 അംഗ സംഘമാണ് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനുള്ളത്.

അതേസമയം ദുരന്തഭൂമിയിലേക്ക് പോലീസ് നായകളായ മായയും മർഫിയുമെത്തുമെന്ന് അധികൃതർ പറഞ്ഞു. മണ്ണിനടിയിൽ നിന്നും മനുഷ്യ ശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച നായകളാണ് മായയും മർഫിയും. ഉച്ചയോടെ വയനാട്ടിലേക്ക് എത്തുമെന്നാണ് സൂചന. 30 അടിയിൽ നിന്നുവരെ മനുഷ്യ ശരീരങ്ങൾ കണ്ടെത്താൻ പരിശീലനം നേടിയ നായകളാണ് ഇവ. മുമ്പ് പെട്ടിമുടി ദുരന്തത്തിൽ നിന്ന് 8 മൃതദേഹങ്ങൾ കണ്ടെത്തിയത് മായ എന്ന പോലീസ് നായയായിരുന്നു. നായ്ക്കളുമായി പോലീസ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Comments (0)
Add Comment