വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: മരണസംഖ്യ 90 ആയി; അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമെന്ന് സൈന്യം, കയറടക്കമുള്ള സൗകര്യമില്ല, റോപ്പുകളെത്തിക്കും

 

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 90 ആയി.  സൈന്യത്തിന്‍റെ നേത്യത്വത്തിലാണ് നിലവില്‍  രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മഴ പെയ്യുന്നതും ഉരുള്പൊട്ടല് സാധ്യത നിലനില്ക്കുന്നതുമാണ് രക്ഷാപ്രവർത്തനത്തെ കൂടുതല് ദുഷ്കരമാക്കുന്നത്. ചൂരൽമലയിലെ പത്താം വാർഡായ അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു. അഡ്വഞ്ചർ പാർക്കുകളിലെ റോപ്പുകളും എത്തിക്കുന്നുണ്ട്.  ചൂരൽമലയും പത്താം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയതിനാൽ അങ്ങോട്ട് കടക്കുക ദുഷ്കരമാണ്. 5 സൈനികർ കയർ കെട്ടി പത്താം വാർഡിലേക്ക് കടന്നെങ്കിലും കൂടുതൽ പേരെ എത്തിക്കാനുള്ള കയർ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലെന്ന് സൈന്യം അറിയിച്ചു.

ഈ സാഹചര്യത്തിലാണ് തൊട്ടടുത്തുള്ള അഡ്വഞ്ചർ പാർക്കുകളിലെ വലിയ റോപ്പുകൾ എത്തിക്കാൻ ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകിയത്. ദുരന്തത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടതും തകർന്നടിഞ്ഞതും പത്താം വാർഡായ അട്ടമലയാണ്. അതിനാലാണ് രക്ഷാ പ്രവർത്തനം ആദ്യം അങ്ങോട്ട് കേന്ദ്രീകരിക്കുന്നത്. അതിനിടെ, തിരുവനന്തപുരത്ത് നിന്ന് രണ്ട് കോളം സൈനികരുടെ സംഘത്തെ വഹിച്ചു കൊണ്ട് രണ്ട് വിമാനങ്ങൾ ഉടൻ പുറപ്പെടും. 5 മണിക്ക് വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തും. അവിടെ നിന്ന് റോഡ് മാർഗം വയനാട്ടിലേക്ക് പോകും. ജീവൻ രക്ഷാ ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിന് ഉള്ള ഉപകരണങ്ങളുമടക്കം വഹിച്ചു കൊണ്ടാണ് ഇവർ എത്തുന്നത്. കണ്ണൂരിൽ നിന്നുള്ള സൈനിക സംഘവും ചൂരൽമലയിൽ എത്തിയിട്ടുണ്ട്.

Comments (0)
Add Comment