വയനാട് ഉരുള്‍പൊട്ടല്‍; മരിച്ച 36പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു, മൃതദേഹവും ശരീരഭാഗങ്ങളും വിട്ടുനല്‍കും

 

കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ പറയുന്നു. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് 17 മൃതദേഹങ്ങള്‍ ഉള്‍പ്പെടെ  36 പേരെ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്.

അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് സംസ്‌കരിച്ചത്. ഇതിനാല്‍ തന്നെ തിരിച്ചറിഞ്ഞവ ഈ നമ്പര്‍ നോക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനാകും. ഡിഎന്‍എ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കാണാതായ 36 പേരെ തിരിച്ചറിഞ്ഞതിന്‍റെ അടിസഥാനത്തില്‍ അവരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

Comments (0)
Add Comment